ആലുവ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ശ്രീലക്ഷ്മിക്ക് പ്രവാസികളുടെ ആദരം. ആലുവ റസിഡൻസ് ഓവർസീസ് മലയാളീസ് അസോസിയേഷനാണ് (അരോമ) ശ്രീലക്ഷ്മിക്ക് നഗരത്തിൽ ആദ്യആദരവ് സംഘടിപ്പിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു. മാതാപിതാക്കളുടെ ജാഗ്രതയും നിരന്തരമായ പ്രോത്സാഹനവും ഉണ്ടെങ്കിൽ മാത്രമേ മക്കൾക്ക് വിജയങ്ങൾ കൈക്കുമ്പിളിൽ ഒതുക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ പരാജയങ്ങളിൽ തളരാതെ മുന്നേറാനും ദൃഢനിശ്ചയമുള്ള മനസ് പാകപ്പെടുത്താനും പാരന്റിംഗിന് മാത്രമേ കഴിയുകയുള്ളു. കുടുബവും നാട്ടുകാരും നൽകിയ പ്രോത്സാഹനത്തിന് ശ്രീലക്ഷ്മി നന്ദി പറഞ്ഞു.
സിവിൽ സർവീസ് പരീക്ഷയിൽ നാലു തവണയും പരാജയപ്പെട്ടിട്ടും വീണ്ടും ശ്രമിക്കാൻ പിന്തുണ നൽകിയത് മാതാപിതാക്കളാണ്. മനസ് മടുക്കാതെ പരിശ്രമിച്ചാൽ വിജയം നേടാനാകുമെന്ന് തനിക്ക് തെളിയിക്കാനായി. വനിതകൾക്ക് സിവിൽ സർവീസിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കണം. അതിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു.
അരോമ ആലുവ പ്രസിഡന്റ് മുഹമ്മദ് കെ. മക്കാർ അദ്ധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത് മെമ്പർ ഗീത സലിംകുമാർ, അരോമ സെക്രട്ടറി സിദ്ദീക്ക് മുഹമ്മദ്, ട്രഷറർ മുരളി പറാട്ട്, കോ ഓർഡിനേറ്റർ ഷെമീർ കല്ലുങ്കൽ, ബാലൻ നായർ എന്നിവർ സംസാരിച്ചു. ശ്രീലക്ഷ്മിയുടെ മാതാപിതാക്കളായ രാമചന്ദ്രൻ, കലാദേവി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.