കൊച്ചി : ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തി വിചാരണക്കോടതി വിധിച്ച തടവുശിക്ഷ സസ്പെൻഡ് ചെയ്യാൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കഴക്കൂട്ടം ടെക്നോപാർക്കിലെ ഐ.ടി സ്ഥാപനത്തിൽ ടീം ലീഡറായിരുന്ന അനുശാന്തി കാമുകൻ നിനോ മാത്യുവുമായി ചേർന്ന് മൂന്നര വയസുള്ള മകൾ സ്വസ്തിക, ഭർത്താവിന്റെ അമ്മ ഓമന എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഒന്നാം പ്രതി നിനോ മാത്യുവിന് വിചാരണക്കോടതി വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷയുമാണ് വിധിച്ചത്. തനിക്കെതിരായ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കാനായിരുന്നു അനുശാന്തിയുടെ ഹർജി. അനാവശ്യമായി പ്രതി ചേർത്തതാണെന്നും കുറ്റകൃത്യത്തിൽ തനിക്ക് നേരിട്ട് പങ്കാളിത്തമില്ലെന്നും അനുശാന്തി വാദിച്ചു. ഇരുപ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് കോടതി വിലയിരുത്തി.
2014 ഏപ്രിൽ 14 നാണ് സംഭവം നടന്നത്. ഒരുമിച്ച് ജീവിക്കാൻ മകൾ സ്വസ്തിക, ഭർത്താവ് ലിജീഷ്, അമ്മ ഓമന എന്നിവർ തടസമാണെന്ന് വിലയിരുത്തിയ അനുശാന്തി നിനോയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു. അനുശാന്തിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ നിനോ മാത്യു കുഞ്ഞിനെയും ഓമനയേയും കൊലപ്പെടുത്തി. ലിജേഷ് ആക്രമണത്തിനിരയായെങ്കിലും രക്ഷപ്പെട്ടു.
വിചാരണക്കോടതി വിധിക്കെതിരെ ഇരുവരും നൽകിയ അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. പുറമേയാണ് ശിക്ഷ മരവിപ്പിക്കാൻ ഹർജി നൽകിയത്.