ആലുവ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ചിലരുടെ ധാരണ തിരുത്തേണ്ടിവരുമെന്ന് മുകേഷ് എം.എൽ.എ പറഞ്ഞു. ചാലക്കുടി ലോക് സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എടയപ്പുറം മനക്കത്താഴം കവലയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫിനെതിരെ വ്യാപകമായ നുണപ്രചരണങ്ങളാണ് നടക്കുന്നത്. യു.ഡി.എഫിനും എൻ.ഡി.എക്കും യഥാസമയം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ പോലുമായില്ല. വയനാടിലും പത്തനംതിട്ടയിലും തട്ടി ഇരുമുന്നണികളുടെയും സ്ഥാനാർത്ഥിത്വം വൈകി. അച്ചടക്കമുള്ള മുന്നണിയായതിനാലാണ് എൽ.ഡി.എഫിന് വളരെ നേരത്തെ 20 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതെന്നും മുകേഷ് പറഞ്ഞു. യോഗത്തിൽ കീഴ്മാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എം.എം. മണി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻപിള്ള, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. മോഹനൻ, മണ്ഡലം സെക്രട്ടറി വി. സലീം, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. നവകുമാരൻ, മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, കെ.എ. ബഷീർ, കെ.എ. രമേശ്, ശിവരാജ് നൊച്ചിമ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി അമ്പാട്ടുകവലയിൽ നിന്നും പ്രകടനവും നടന്നു.