km-mani
കെ.എം.മാണി

കൊച്ചി:ആറു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിച്ച സമുന്നത നേതാവും സുവർണ ജൂബിലി ആഘോഷിച്ച നിയമസഭാ സാമാജികനും ബഡ്‌ജറ്റ് അവതരണത്തിൽ റെക്കാഡിട്ട ധനമന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം. മാണി അന്തരിച്ചു. 86 വയസായിരുന്നു.

രാഷ്‌ട്രീയ തന്ത്രങ്ങളുടെ ചാണക്യനായിരുന്ന കെ. എം. മാണി, വലിയ ലക്ഷ്യങ്ങളുമായി ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കേയാണ് അരങ്ങൊഴിഞ്ഞത്. ഇന്നലെ വൈകിട്ട് 4.57 ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ കുട്ടിയമ്മയുടെ കൈ ചേർത്തുപിടിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. ജോസ് കെ. മാണി എം.പി ഉൾപ്പെടെയുള്ള മക്കളും സമീപത്തുണ്ടായിരുന്നു.

ആശുപത്രിയിൽ നിന്ന് മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ സംസ്‌കരിക്കും.

ശ്വാസകോശ രോഗത്തിന് വർഷങ്ങളായി ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചീഫ് പൾമണോളജിസ്റ്റ് ഡോ. ഹരി ലക്ഷ്‌മണന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ശ്വസിക്കാൻ വിഷമം അനുഭവപ്പെട്ടിരുന്ന അദ്ദേഹം ഐ.സി.യുവിലാണ് കഴിഞ്ഞത്. വൃക്കയ്‌ക്കും തകരാർ കണ്ടതോടെ ഡയാലിസിനും വിധേയനാക്കി. തിങ്കളാഴ്ച രാവിലെയോടെ ആരോഗ്യനില വഷളായി. രാത്രിയോടെ അല്പം ഭേദപ്പെട്ടെങ്കിലും ഇന്നലെ രാവിലെ വീണ്ടും വഷളായി. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം തീവ്രശ്രമം നടത്തിയെങ്കിലും ഉച്ചയ്ക്ക് മൂന്നോടെ അതീവഗുരുതരാവസ്ഥയിലായി. 4.57 ന് അന്ത്യം സംഭവിച്ചതായി ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. മോഹൻ മാത്യു, സി.ഇ.ഒ എസ്.കെ. അബ്ദുള്ള എന്നിവർ അറിയിച്ചു.

ജോസ് കെ. മാണിയെ കൂടാതെ അഞ്ച് പുത്രിമാരും ഉണ്ട്. എൽസമ്മ, സാലി, ആനി, ടെസി,സ്‌മിത എന്നിവർ. മരുമക്കൾ: ഡോ.തോമസ് കവലയ്ക്കൽ, എം.പി ജോസഫ് (റിട്ട.ഐ.എ.എസ്), ഡോ. സേവ്യർ എടയ്ക്കാട്ടുകുടി (എറണാകുളം), നിഷ ജോസ് കെ. മാണി, ഡോ. സുനിൽ ഇലവനാൽ (കോഴിക്കോട്), രാജേഷ് കുരുവിത്തടം (പാലാരിവട്ടം).

ആശുപത്രിയിൽ വൈകിട്ട് 6.40 മുതൽ 7.10 വരെ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നേതാക്കളും പ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു.

ഇന്ന് പൊതുദർശനം

ഇന്ന് കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന ഓഫീസിലെത്തിക്കുന്ന മൃതദേഹം പിന്നീട് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് പാലായിലെ വീട്ടിലെത്തിക്കും.

ആശുപത്രിയിൽ ജനപ്രവാഹം

മാണിയുടെ വിയോഗം അറിഞ്ഞ് നേതാക്കളും പ്രവർത്തകരും ആശുപത്രിയിലേക്ക് പ്രവഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ പി.ജെ. ജോസഫ്, മന്ത്രി ജി. സുധാകരൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എൽ.എമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, വി.കെ. ഇബ്രാഹിംകുഞ്ഞ്, ഡോ.എം. ജയരാജ്, സി.എഫ്. തോമസ്, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, കേരള കോൺഗ്രസ് നേതാക്കളായ ജോസഫ് ചാഴികാടൻ, ടി.യു. കുരുവിള, ജോയി എബ്രഹാം, ഷിബു തെക്കുംപുറം, മുൻമന്ത്രി കെ. ബാബു, മേയർ സൗമിനി ജെയിൻ, മുൻ മേയർ ടോണി ചമ്മിണി, സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി. രാജീവ്, സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു, സെക്കുലർ കേരള കോൺഗ്രസ് നേതാക്കളായ കുരുവിള മാത്യൂസ്, എം.എൻ. ഗിരി, ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുര തുടങ്ങി നൂറുകണക്കിനു പേർ ആശുപത്രിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ആശുപത്രിയിലെത്തിയിരുന്നു.