km-mani-

കൊച്ചി: ചെറിയ മന്ദസ്‌മിതത്തോടെ കുട്ടിയമ്മയുടെ വലതുകൈ മുറുകെ പിടിച്ച് കെ.എം.മാണി കട്ടിലിൽ കണ്ണടച്ചു കിടന്നു. നേരിയ ഹൃദയമിടിപ്പ്. വിങ്ങുന്ന ഹൃദയവേദനയോടെ ജോസ്.കെ. മാണി ഉൾപ്പെടെയുള്ള മക്കളും മരുമക്കളും കൊച്ചുമക്കളും.ഒടുവിൽ ഡോക്‌ടർമാർ വിധിയെഴുതി. മാണി സാർ വിടവാങ്ങി.

രാഷ്‌ട്രീയക്കാരനപ്പുറം മാണിയ്‌ക്ക് എല്ലാമെല്ലാം ഭാര്യ കുട്ടിയമ്മയും പാലയുമായിരുന്നു. അവസാനനിമിഷവും അരികുചേർന്നിരുന്ന കുട്ടിയമ്മയുടെ കൈകളിൽ നിന്ന് മാണിയുടെ കൈ പതുക്കെ ആശുപത്രി അധികൃതർ മാറ്റി. മരണ വിവരം പുറം ലോകമറിഞ്ഞതോടെ മാണി സാറിന്റെ പാലാക്കാർ കിട്ടിയ വാഹനവും പിടിച്ച് ആശുപത്രിയിലേക്ക് ഒഴുകിയെത്തി.

സമയം 4.37. ജോസ് കെ.മാണിയുടെ വാഹനം ചീറിപ്പാഞ്ഞ് എറണാകുളം ലേക്‌ഷോർ ആശുപത്രിയുടെ കവാടം കടന്നെത്തിയപ്പോൾ തന്നെ എല്ലാവരും ആ വാർത്ത പ്രതീക്ഷിച്ചു. 4.57 ന് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ആശുപത്രി അധികൃർ മാണിയുടെ വേർപാട് അറിയിച്ചു. പിന്നീട് ആശുപത്രിയിലേക്ക് രാഷ്‌ട്രീയ ഭേദമെന്യേ നേതാക്കളുടെയും പ്രവർത്തകരുടെയും പ്രവാഹമായിരുന്നു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് ഒന്നു മാത്രം. മാണിക്ക് പകരം മാണി മാത്രം.

ആശുപത്രിക്ക് മുന്നിലെ വിശാലമായ ഹാൾ മാണിക്കായി ഒരുങ്ങി. മേശമേൽ തൂവെള്ള തുണി പുതപ്പിച്ചു. ബൾബുകളുടെ വിടർന്ന പ്രകാശത്തിൽ അവിടം രാഷ്‌ട്രീയ അതികായനായി കാത്തുകിടന്നു. ഇതിനിടെ കോട്ടയം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് നേതാവുമായ തോമസ് ചാഴികാടൻ ആശുപത്രിയിലേക്കെത്തി.

സമയം 6.40. ആശുപത്രിയുടെ ഇടുങ്ങിയ കവാടത്തിനുള്ളിലൂടെ സ്ട്രെച്ചറിയിൽ തൂവെള്ളപുതപ്പിൽ ആ പഴയ മുഖഭാവങ്ങളോടെ എല്ലാവരുടെയും മാണി സാർ. സമീപം മകൻ ജോസ്.കെ. മാണി. തിങ്ങിക്കൂടി ആർത്തിരമ്പിയവരുടെ വേദനകൾ പൊട്ടിക്കരച്ചിലായി. കരച്ചിലടക്കാനാവാതെ നേതാക്കളും വഴിമാറിയതോടെ പ്രവർത്തകരെ ആർക്കും നിയന്ത്രിക്കാനാവാതെയായി, ഒടുവിൽ പൊലീസ് ഇടപെട്ട് വഴിയൊരുക്കി.

വരിവരിയായി നിന്ന പ്രവർത്തകർ മാണിയുടെ മുഖത്തോട് മുഖം ചേർത്ത് പൊട്ടിക്കരഞ്ഞപ്പോൾ ആരും തടഞ്ഞില്ല. മാണിയുടെ സ്നേഹവും അതായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഈ സമയമെല്ലാം ജോസ് കെ.മാണിയുടെ മകൻ കുഞ്ഞുമാണി അടുത്തുനിന്ന് വിങ്ങുന്നുണ്ടായിരുന്നു. നേതാക്കളും പ്രവർത്തകരും മാണി സാറിനെ തൊട്ട് വണങ്ങി. ചിലർ പലപ്രാവശ്യം മുത്തംവച്ചു.

സമയം 7.05. മാണി സാറിന് ആഗ്രമുണ്ടായിരിക്കാം പ്രവർത്തകരെയും നേതാക്കളെയും വീണ്ടും കാണാൻ. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സമയം കഴിഞ്ഞതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പിന്നെയും പാഞ്ഞെത്തിയവർ പലേടത്തുമായി നിന്നു വിതുമ്പി. ദീപ്തമായ ഓർമ്മകൾ പങ്കുവച്ച് മടങ്ങി.

ഇന്ന് മുതൽ രണ്ടു ദിവസം മാണി സാർ സ്വന്തം നാട്ടിൽ എല്ലാവരെയും കാണും. പക്ഷേ, പഴയതുപോലെ കെട്ടിപ്പിടിക്കില്ല, ചിരിക്കില്ല. ഇനി വികാരനിർഭരമായ വിടവാങ്ങലിന്റെ തണുത്ത നിമിഷങ്ങൾ.