കൊച്ചി: രാഷ്ട്രീയഭേദമില്ലാതെ ഒഴുകിയെത്തിയ നൂറുകണക്കിന് പേരുടെ പ്രാർത്ഥനകൾക്കിടെ കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.എം. മാണി കൊച്ചിയോട് യാത്ര പറഞ്ഞു. വഴിനീളെ കാത്തുനിന്ന ജനങ്ങൾ ജനകീയ നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ നിര്യാതനായ കെ.എം. മാണിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ പത്തോടെയാണ് പുറത്തെടുത്തത്. വൈസ് ചെയർമാൻ പി.ജെ. ജോസഫ് ഉൾപ്പെടെ കേരള കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം പുലർച്ച തന്നെ ആശുപത്രി വളപ്പിൽ എത്തിച്ചേർന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി കെ. ബാബു തുടങ്ങിയ നേതാക്കളും ആശുപത്രിയിലെത്തി ജോസ് കെ. മാണിയെയും കുടുംബത്തെയും ആശ്വസിപ്പിച്ചു.
ആശുപത്രിയിൽ അല്പനേരം പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നേതാക്കളും പ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ കെ.യു.ആർ.ടി.സി ബസിലേയ്ക്ക് മൃതദേഹം കയറ്റി. ജോസ് കെ. മാണി എം.പി., റോഷി അഗസ്റ്റിൻ എം.എൽ.എ., അനൂപ് ജേക്കബ് എം.എൽ.എ എന്നിവരുൾപ്പെടെ നേതാക്കളും കയറി. മാണിയുടെ ഭാര്യ കുട്ടിയമ്മയും മക്കളും മറ്റൊരു വാഹനത്തിലാണ് പുറപ്പെട്ടത്.
നൂറു കണക്കിന് പ്രവർത്തകരാണ് കെ.എം. മാണിയെ അവസാനമായി കാണാൻ ആശുപത്രിയിലെത്തിയത്. മൃതദേഹം വാഹനത്തിൽ കയറ്റിയതോടെ 'മാണിസാർ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' യെന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. പൊലീസ് അകമ്പടിയിൽ 10.15 ന് വിലാപയാത്ര ആശുപത്രി വളപ്പിൽ നിന്ന് പുറത്തേക്കിറങ്ങി.
കേരള കോൺഗ്രസിന് കാര്യമായ വേരോട്ടമില്ലാത്ത കുണ്ടന്നൂർ, മരട്, തൃപ്പൂണിത്തുറ, ഉദയംപേരൂർ, പൂത്തോട്ട തുടങ്ങിയ സ്ഥലങ്ങളിൽ മാണിയെ ഒരുനോക്ക് കാണാൻ ജനങ്ങൾ കാത്തുനിന്നു. ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരം നൽകിയാണ് വിലാപയാത്ര കോട്ടയത്തേയ്ക്ക് പോയത്.
കൊച്ചി മാണിക്ക് പ്രിയങ്കരം
രാഷ്ട്രീയത്തിലും പാർട്ടി പ്രവർത്തനത്തിലും കേരള കോൺഗ്രസിന്റെ കേന്ദ്രം കോട്ടയവും പാലായുമാണെങ്കിലും കൊച്ചി കെ.എം. മാണിക്ക് പ്രിയങ്കരമായിരുന്നു. പാർട്ടിയുടെ നിർണായകമായ ചില യോഗങ്ങൾക്ക് കൊച്ചിയും വേദിയായിട്ടുണ്ട്.
പെൺമക്കളെ വിവാഹം ചെയ്തയച്ച സ്ഥലമെന്ന നിലയിൽ എറണാകുളം ജില്ലയിൽ മാണി പതിവായി എത്തിയിരുന്നു. മകളുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ നിന്നാണ് അദ്ദേഹം ഒടുവിൽ ആശുപത്രിയിലേയ്ക്ക് പോയത്. തിരികെ വരാതെയാണ് അദ്ദേഹം ഇക്കുറി മടങ്ങിയത്.
കൊച്ചിയിൽ കെ.എം. മാണിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം ബോൾഗാട്ടി പാലസായിരുന്നു. കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള പാലസിൽ ഇടയ്ക്കിടെ അദ്ദേഹം താമസിച്ചിരുന്നു. ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൗസിന്റെ പഴയ കെട്ടിടവും അദ്ദേഹത്തിന് ഇഷ്ടമായിരുന്നെന്ന് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നു.