കൊച്ചി: ബാർ കോഴക്കേസിലെ വിജിലൻസ് കോടതി ഉത്തരവിനെതിരെ മുൻമന്ത്രി കെ.എം. മാണി, വി.എസ്. അച്യുതാനന്ദൻ, ബിജു രമേശ് എന്നിവർ നൽകിയ ഹർജികളിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ഇന്നലെ ഹർജികൾ പരിഗണനയ്ക്കു വന്നപ്പോൾ കെ.എം. മാണി അന്തരിച്ചുവെന്ന വിവരം ഹർജിക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്.
ബാർ കോഴക്കേസിൽ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരെയാണ് കെ.എം. മാണി ഹർജി നൽകിയത്. പലതവണ തുടരന്വേഷണം നടത്തിയിട്ടും തെളിവു ലഭിക്കാത്ത കേസിൽ വീണ്ടും അന്വേഷണം നടത്താനുള്ള നിർദ്ദേശം നിയമപരമല്ലെന്നും തുടർ നടപടികൾ റദ്ദാക്കണമെന്നുമായിരുന്നു വാദം.
കെ.എം. മാണിക്കെതിരായ തുടരന്വേഷണത്തിന് അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം സർക്കാരിന്റെ അനുമതി വേണമെന്നും ഇതിന് സർക്കാരിന്റെ അനുമതി വാങ്ങണമെന്നും വിജിലൻസ് കോടതിയുടെ വിധിയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വി.എസ്. അച്യുതാനന്ദനും ബിജുരമേശും ഹർജി നൽകിയത്. ഭേദഗതി നിലവിൽ വരുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഇത്തരമൊരു നിർദ്ദേശം വിജിലൻസ് കോടതി നൽകിയത് നിയമപരമല്ലെന്നായിരുന്നു ഇവരുടെ വാദം. കെ.എം. മാണി മന്ത്രിയായിരിക്കെ ബാർ ലൈസൻസ് പുതുക്കി നൽകാൻ ഹോട്ടൽ ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് കേസിനടിസ്ഥാനം. കേസിൽ മറ്റാർക്കെതിരെയും ആരോപണമില്ലാത്ത സാഹചര്യത്തിൽ നടപടി തുടരുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.