ആലുവ: ആലുവയിൽ നിന്ന് അങ്കമാലി, പറവൂർ ഭാഗങ്ങളിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ റൂട്ട് തെറ്റിച്ച് സർവീസ് നടത്തി യാത്രക്കാരെ പെരുവഴിയിലാക്കുന്നു. അധികാരികൾ നടപടിയെടുക്കാത്തതിനാൽ നരകയാതന തുടരുന്നു. നഗരത്തിലെ പ്രധാന സ്റ്റോപ്പുകളായ സ്വകാര്യ ബസ് സ്റ്റാൻഡ്, ബാങ്ക് കവല, ബൈപ്പാസ് സ്റ്റോപ്പുകൾ ഒഴിവാക്കി മാർക്കറ്റ് ഭാഗത്ത് കാരോത്തുകുഴി കവല കഴിഞ്ഞുള്ള കപ്പേളക്ക് സമീപത്ത് നിന്നും ഇടത്തേക്ക് തിരിഞ്ഞ് ദേശീയപാതയിലേക്ക് ബസ് കടന്നുപോകുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
എറണാകുളത്ത് നിന്നുവരുന്ന ബസുകൾക്ക് പുറമെ ആലുവ ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസുകൾ വരെ ഇത്തരത്തിൽ വഴി മാറ്റി സർവീസ് നടത്തുന്നുണ്ട്.
കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ യാത്രക്കാരെ പെരുവഴിയിലാക്കിയും കോർപ്പറേഷന് സാമ്പത്തികനഷ്ടം വരുത്തിയും ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന ഇത്തരം ജനവിരുദ്ധ നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. തൃശൂർ ഭാഗത്തേക്ക് പോകുന്നതിന് ഫാസ്റ്റ് പാസഞ്ചർ ബസുകൾ കത്തുനിൽക്കുന്നവർ പലപ്പോഴും വഞ്ചിതരാകാറുണ്ട്. എറണാകുളത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ബൈപ്പാസ്, ബാങ്ക് കവല വഴിയാണ് ആലുവ സ്റ്റാന്റിലേക്ക് പോകുന്നത്. ഈ ബസുകൾ ശ്രദ്ധയിൽപ്പെടുന്ന തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് തിരിച്ച് വരുന്നതും കാത്തുനിന്നാൽ ഇളിഭ്യരാകുമെന്നതാണ് അവസ്ഥ. മാർക്കറ്റ് ഭാഗത്ത് നിന്നും ബസുകൾ മേൽപ്പാലത്തിന് അടിയിലൂടെ നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കുകയാണ്.
തിരക്കേറിയ റോഡിൽ നിന്നും എളുപ്പം ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് സമയലാഭവും സാമ്പത്തിക ലാഭവുമുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സി അധികൃതരുടെ അനുമതിയില്ലാതെ ജീവനക്കാർ സ്വന്തം നിലയിൽ വഴി മാറി ഓടുന്നതാണ്.