കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി അന്യായമായി വിറ്റഴിച്ച് സഭയ്ക്ക് വൻ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി, സഭയുടെ മുൻ ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ, സെബാസ്റ്റ്യൻ വടക്കുംപാടൻ, ഭൂമിക്കച്ചവടത്തിന്റെ ഇടനിലക്കാരനായിരുന്ന സാജു വർഗീസ് തുടങ്ങി ഭൂമി വാങ്ങിയവരുൾപ്പെടെ 24 പേർക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തു. സി.ഐ വി.എസ്. നവാസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
കാലടി ചൊവ്വര സ്വദേശി പാപ്പച്ചൻ നൽകിയ സ്വകാര്യ അന്യായം എറണാകുളം സി.ജെ.എം കോടതി കേസ് എടുത്തന്വേഷിക്കാൻ ഉത്തരവിട്ടതോടെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്‌ട്രർ ചെയ്‌തത്. സമാനമായ കേസിൽ കർദ്ദിനാളടക്കമുള്ളവർക്കെതിരെ കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി കേസെടുത്തിരുന്നു.
ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സഭയുടെ ഭൂമി പ്രതികൾ ഗൂഢാലോചന നടത്തി അന്യായമായി വിറ്റെന്നും ഇതുവഴി കുറ്റകരമായ വിശ്വാസ വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചെയ്തെന്നുമാണ് പരാതി.