കോലഞ്ചേരി: സി വിജിൽ, "ആപ്പി" ലായി മുന്നണികൾ, ഹാപ്പിയായി പൊതുജനവും .തിരഞ്ഞെടുപ്പിലെ പെരുമാറ്റചട്ട ലംഘനം കണ്ടെത്താൻ പൊതു ജനങ്ങൾക്ക് നേരിട്ട് പരാതി കൊടുക്കാൻ കഴിയുന്ന മൊബൈൽ ആപ്ളിക്കേഷനായ സി. വിജിൽ വഴി ജില്ലയിൽ ഇതു വരെ ലഭിച്ചത് 6422 പരാതികൾ. ഇതിൽ 5728 പരാതികളും സോഷ്യൽ മീഡിയ വഴിയുള്ള അവഹേളനം സംബന്ധിച്ചുള്ളതാണ്. പൊതു സ്ഥലത്ത് പോസ്റ്റർ പ്രചരണവുമായി ബന്ധപ്പെട്ട് 546
പരാതികളും.പ്രസാധകന്റെ പേരില്ലാതെ നോട്ടീസും പോസ്റ്ററും തയ്യാറാക്കിയതുമായിബന്ധപ്പെട്ട 148 പരാതികളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ പരാതി പറവൂർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് 1828, കുറവ് പിറവത്തും 156 . ഇതിൽ ചട്ട ലംഘനമായി വന്ന പരാതികൾ പരിഹരിച്ചു. സോഷ്യൽ മീഡിയ അവഹേളനം സംബന്ധിച്ച പരാതികൾ അന്വേഷണത്തിലാണ്. പ്രചാരണത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന പെരുമാറ്റ ചട്ടലംഘനം മുഴുവൻ സി. വിജിൽ ആപ്പിലാക്കി മുന്നണികൾ പരസ്പരം പണി തുടങ്ങി കഴിഞ്ഞു. പൊതു സ്ഥലങ്ങളിൽ ബോർഡ്, ബാനർ ഇവയുടെ പ്രദർശനം. വോട്ടിനായി പണം നല്കൽ, പ്രേരിപ്പിക്കൽ, സ്വകാര്യ സ്ഥലങ്ങളിൽ ഉടമയുടെ അനുവാദമില്ലാതെ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കൽതുടങ്ങി എല്ലാ പെരുമാറ്റചട്ടങ്ങൾക്കും പരാതി നൽകാം. 24 മണിക്കൂറും പ്രവർത്തന സജ്ജമായ ആപ്പിൽ നല്കുന്ന പരാതികൾക്ക് മണിക്കൂറികൾക്കുള്ളിൽ തീരുമാനമാക്കാവുന്നവയിൽനടപടി എടുക്കും. മറ്റു പരാതികൾ അന്വേഷിച്ച് നടപടി എടുക്കാനും നിർദ്ദേശം നല്കും. ആൻഡ്രോയ്ഡ് പ്ളെ സ്റ്റോറിൽ സി.വിജിൽ ആപ്പ് ലഭ്യമാണ്.
ചട്ടലംഘനം ശ്രദ്ധയിൽ പെട്ടാൽ ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും നേരിട്ട് പരാതി നല്കാവുന്ന മൊബൈൽ സംവിധാനമാണ് സി.വിജിൽ. .
ചട്ട ലംഘനത്തിന്റെ ഫോട്ടോ, വീഡിയോ തുടങ്ങിയവ ആപ്പിൽ അപ് ലോഡു ചെയ്യണം.
പരാതി ലഭിച്ച് അഞ്ചു മിനിറ്റിനകം അന്വേഷണം തുടങ്ങും.