cochin-university-of-scie

കൊച്ചി: യു.ജി.സി മാനദണ്ഡങ്ങൾക്ക് പുറമേ പുതിയ വ്യവസ്ഥ ഏർപ്പെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) വൈസ് ചാൻസലർ നിയമനത്തിൽ നിന്ന് പിന്നാക്ക സമുദായാംഗങ്ങളെ വെട്ടിനിരത്തി.

പ്രൊഫസറെന്ന നിലയിൽ പത്തുവർഷത്തെ പ്രവൃത്തിപരിചയമാണ് വൈസ് ചാൻസലർ നിയമനത്തിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി) നിശ്ചയിച്ച പ്രധാനയോഗ്യത. ശാസ്ത്ര സാങ്കേതിക സർവകലാശാലയായതിനാൽ ആ രംഗത്തുനിന്നുള്ള വ്യക്തിയെ വൈസ് ചാൻസലറായി നിയമിച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി കൺവീനറായ മൂന്നംഗ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച അപേക്ഷാ വിജ്ഞാപനത്തിൽ ഈ വ്യവസ്ഥ ഇല്ലായിരുന്നു.

പുതിയ വ്യവസ്ഥ മൂലം ഭാഷാ, സാമൂഹ്യ വിഷയങ്ങളിലെ അപേക്ഷകർ ഒഴിവായി. പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗങ്ങളിലെ നിരവധി പേർ ഇതുമൂലം വൈസ് ചാൻസലർ പദവിയിലേക്ക് പരിഗണിക്കപ്പെടാതെ പോയി. കുസാറ്റ് വി.സിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന വ്യക്തിയും ഇതുമൂലം ഒഴിവായി. കുസാറ്റ് പോലെ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രശസ്തമായ സ്ഥാപനത്തിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കാൻ നടത്തിയ ആസൂത്രിത നീക്കമാണിതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ ഡോ.ജെ. ലത വിരമിച്ചതിനെ തുടർന്നാണ് കുസാറ്റിൽ ഒഴിവുവന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് പുതിയ വൈസ് ചാൻസലറെ നിയമിക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. 16 പേർ അപേക്ഷിച്ചു. നാലുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇതിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ആരുമില്ല.

ചുരുക്കപ്പട്ടികയിലെ നാലു പേരെ അ‌ടുത്തയാഴ്ച സമിതി അഭിമുഖം നടത്തും. കുസാറ്റിലെ മൂന്ന് അദ്ധ്യാപകരും എം.ജി സർവകലാശാലയിലെ ഒരാളുമാണ് പട്ടികയിലുള്ളത്.

പിന്നാക്ക വിരുദ്ധ നീക്കം മുമ്പും

ഡോ. ജെ. ലത വിരമിച്ചതിനെ തുടർന്ന് വൈസ് ചാൻസലറുടെ ചുമതല നൽകുന്നതിലും പിന്നാക്ക വിരുദ്ധനീക്കം നടന്നിരുന്നു. കുസാറ്റിലെ ഏറ്റവും മുതിർന്ന അദ്ധ്യാപകനാണ് താത്കാലിക ചുമതല നൽകേണ്ടത്. പട്ടികജാതി സമുദായാംഗമായ ഹിന്ദി വകുപ്പിലെ ഡോ.എസ്. ശശിധരനായിരുന്നു ചുതമല നൽകേണ്ടത്. പകരം മറ്റൊരാൾക്ക് ചുമതല നൽകാൻ ശ്രമം നടന്നിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ട സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റിസ്. പി. സദാശിവം ഇടപെട്ടു. ഗവർണർ കർശനനിർദ്ദേശം നൽകിയതോടെ ഡോ.എസ്. ശശിധരന് ചുമതല നൽകി. കഴിഞ്ഞ നവംബർ മുതൽ അദ്ദേഹമാണ് മികച്ച നിലയിൽ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്നത്. കേരളത്തിലെ വൈസ് ചാൻസലർമാരിൽ പിന്നാക്ക സമുദായങ്ങളിൽ ഉൾപ്പെട്ട ഏക വ്യക്തിയാണ് ഡോ. എസ്. ശശിധരൻ.