high-court

കൊച്ചി : എസ്.എൻ.ഡി.പി യോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ യൂണിയനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ നിയമപരമായി തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മേയ് ഏഴിന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ ഹൈക്കോടതിയിൽ നേരത്തെ നൽകിയ ഉറപ്പ് ലംഘിച്ച് ചില അജൻഡകൾ ഉൾപ്പെടുത്തിയെന്നാരോപിച്ചുള്ള ഹർജി തള്ളിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

എസ്.എൻ.ഡി.പി യോഗത്തിന്റെ വാർഷിക പൊതുയോഗം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഉപാധികളോടെ യോഗം നടത്താൻ ഹൈക്കോടതി മാർച്ച് 27 ന് അനുമതി നൽകിയിരുന്നു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം, യോഗം ആഡിറ്റർമാരുടെ നിയമനം, യൂണിയനുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് അംഗീകാരം നൽകൽ എന്നിവ പൊതുയോഗത്തിൽ നടത്താനായിരുന്നു അനുമതി. പൊതുയോഗത്തിൽ നിന്ന് നേരിട്ട് ഡയറക്ടർ ബോർഡിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കൽ, ബൈലാ ഭേദഗതി എന്നിവ ഉണ്ടാവില്ലെന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ അഭിഭാഷകനായ അഡ്വ. രാജൻബാബു നൽകിയ ഉറപ്പ് രേഖപ്പെടുത്തിയാണ് ഹൈക്കോടതി അനുമതി നൽകിയത്.

ഇതനുസരിച്ച് മേയ് ഏഴിന് വാർഷിക പൊതുയോഗം നടത്താൻ നോട്ടീസ് നൽകിയപ്പോഴാണ് യൂണിയനുകളിൽ നിന്ന് തിരഞ്ഞെടുത്ത ഡയറക്ടർ ബോർഡംഗങ്ങൾക്ക് അംഗീകാരം നൽകൽ എന്ന അജൻഡ ഹൈക്കോടതിയുടെ നിർദേശത്തിനു വിരുദ്ധമാണെന്നാരോപിച്ച് മൂന്നുപേർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ അഡ്വ. രാജൻബാബു ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയിരുന്നതാണെന്നും ഇതനുവദിച്ചതാണെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. നിലവിലെ നോട്ടീസ് അനുസരിച്ച് വാർഷിക പൊതുയോഗം നടത്താൻ നിയമപരമായി തടസമില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.