benny
ചാലക്കുടി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ബെന്നി ബെഹനാന് വേണ്ടി മകൾ വീണ ചാലക്കുടിയിൽ വോട്ടഭ്യർത്ഥിക്കുന്നു

കൊച്ചി: ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റ് കുന്നത്തുനാട് മണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം ആരംഭിച്ചു. പരിയാരത്ത് ആരംഭിച്ച പര്യടനം പലയിടങ്ങളിലും റോഡ് ഷോയായി.

സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ബി. ദേവദർശനൻ, കെ.വി. ഏലിയാസ്, കോലഞ്ചേരി ഏരിയാ സെക്രട്ടറി സി.കെ. വർഗീസ്, മുൻ എം.എൽ.എ എം.പി. വർഗീസ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് എടപ്പരത്തി, സി.പി.ഐ നേതാവ് കെ.കെ. അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.

ചൂണ്ടി, വടയമ്പാടി, കോലഞ്ചേരി, തമ്മാനിമറ്റം, പൂത്തൃക്ക, മീമ്പാറ, വെങ്കിട, നടുക്കുരിശ്, പഴുക്കാമറ്റം വഴി 11 മണിക്ക് കണ്യാട്ടുനിരപ്പ്, വണ്ടിപ്പേട്ട, വെണ്ണിക്കുളം, മാമല, വരിക്കോലി, പുറ്റുമാനൂർ, പുത്തൻകുരിശ്, വടവുകോട്, കാണിനാട്, കരിമുകൾ, ചാലിക്കര, കുഴിക്കാട് വഴി സ്‌റ്റെർലിംഗ് ഗ്യാസ് ജംഗ്ഷനിൽ സമാപിച്ചു.

ഇന്ന് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ എരുമത്താഴത്ത് ആരംഭിക്കുന്ന പര്യടനം പുത്തൻചിറയിൽ സമാപിക്കും.

# ബെന്നി ബെഹനാൻ തിങ്കളാഴ്ച വീണ്ടുമെത്തും

കൊച്ചി: യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് വേണ്ടി എം.എൽ.എമാർ നയിക്കുന്ന പര്യടനം അവസാനഘട്ടത്തിലെത്തി. ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന ബെന്നി ബഹനാൻ തിങ്കളാഴ്ച മുതൽ പ്രചാരണത്തിൽ സജീവമാകും.

എം.എൽ.എമാരായ അൻവർ സാദത്ത്, വി.പി സജീന്ദ്രൻ എന്നിവർ കൈപ്പമംഗലത്തും റോജി എം.ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവർ അങ്കമാലിയിലും ഇന്നലെ പ്രചാരണം നടത്തി. എറിയാട്ട് മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് വൈകിട്ട് നാലിന് ശേഷമാണ് പ്രചാരണം ആരംഭിച്ചത്. പാറക്കടവിൽ ആരംഭിച്ച പര്യടനം അങ്കമാലിയിൽ റോഡ്‌ഷോയോടെ സമാപിച്ചു.


# വോട്ടുതേടി ബെന്നിയുടെ മകൾ

കൊച്ചി : ബെന്നി ബെഹനാന് വേണ്ടിവോട്ട് അഭ്യർത്ഥിച്ച് മകൾ വീണ ഭർത്താവ് മനുവിനൊപ്പം ചാലക്കുടിയിൽ വോട്ട് ചോദിച്ചെത്തി.വ്യാപാരശാലകളിലും മഠങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു. ബെന്നി ബഹനാന്റെ അഭ്യർത്ഥനയും വിതരണം ചെയ്തു.

# രാധാകൃഷ്ണൻ തീരദേശങ്ങളിൽ

കൊച്ചി: തീരദേശ മേഖലകളിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ കൈപ്പമംഗലം മണ്ഡല പര്യടനം. അഴീക്കോട് സുനാമി കോളനിയിൽ ബി.ഡി.ജെ.എസ് തൃശൂർ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കൈപ്പമംഗലം, എടതിരിഞ്ഞി​പഞ്ചായത്തുകളിൽ പര്യടനം നടത്തി. രാത്രിയിൽ കോതപറമ്പ് ജംഗ്ഷനിൽ സമാപിച്ചു. ഇന്ന് ആലുവ നിയോജക മണ്ഡലത്തിലാണ് പര്യടനം. നെടുമ്പാശേരി പറമ്പുശേരിയിൽ ആരംഭിച്ച് എടത്തല തേവയ്ക്കൽ സമാപിക്കും.