കൊച്ചി: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബുവിന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിന് ദർശനം നടത്താനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബു റിമാൻഡിലായത്. കേസിലെ മറ്റു പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചതു കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം നൽകിയത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ 23 നുശേഷം നാലുമാസം രണ്ടും നാലും ശനിയാഴ്ചകളിൽ രാവിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ നേരിട്ട് ഹാജരാകണം, കോടതിയുടെ നിർദ്ദേശമില്ലാതെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, വിദേശയാത്ര പാടില്ല, തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത് എന്നിവയാണ് മറ്റു ജാമ്യ വ്യവസ്ഥകൾ. റിമാൻഡിൽ കഴിയവേയാണ് കോഴിക്കോട് മണ്ഡലത്തിൽ മത്സരിക്കാൻ പ്രകാശ് ബാബു നാമനിർദ്ദേശ പത്രിക നൽകിയത്.
ദൗർഭാഗ്യകരം
രാഷ്ട്രീയ പാർട്ടികളിൽ ഉത്തരവാദിത്വമുള്ള പദവി വഹിക്കുന്നവർ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദൗർഭാഗ്യകരമാണെന്ന് ഇതേ കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം നൽകിയപ്പോൾ മറ്റൊരു സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഇൗ പരാമർശം പ്രകാശ് ബാബുവിന്റെ കേസിലും ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.