കൊച്ചി : സർക്കാർ തടി ഡിപ്പോകളിൽ ശതകോടികളുടെ തടി ചിതലരിച്ചും മഴ നനഞ്ഞും നശിക്കുന്നു. വനം വകുപ്പിൻെറ ആറ് ഡിവിഷനുകളിലെ 30 തടി സബ് ഡിപ്പോകളിലും ഇതാണ് സ്ഥിതി.
വിശാലമായ ഡിപ്പോകളിലെ പറമ്പുകളിൽ വെറുതേ കൂട്ടിയിട്ടിരിക്കുകയാണ് തടികൾ.ലേല നടപടികൾ ഓൺലൈനാക്കിയതോടെ ഉണ്ടായ മെല്ലെപ്പോക്കാണ് പ്രതിസന്ധിക്ക് കാരണം.
ഒന്നാംതരം എ ക്ളാസ് തേക്ക് തടിക്ക് ക്യുബിക് മീറ്ററിന് ശരാശരി ഒരു ലക്ഷം രൂപ വരെ വിലയുണ്ട്. വിവിധ നികുതികൾ, ലോഡിംഗ് കൂലി അടക്കം നാലിലൊന്ന് കൂടി അധികമാകും.
പെരുമ്പാവൂർ സെയിൽസ് ഡിവിഷൻെറ കീഴിലുള്ള ചാലക്കുടി , വീട്ടൂർ , മുടിക്കൽ , വരാപ്പുഴ കോട്ടയം ഡിവിഷൻെറ കീഴിലുള്ള കോതമംഗലം , തലക്കാട് , വെട്ടിക്കാട് , പാറപ്പുഴ സബ് ഡിപ്പോകളിലും ധാരാളമായി ചെറു തടികൾ കെട്ടികിടക്കുകയാണ് .
പത്തനാപുരം ഡിപ്പോയിൽ പേഴ്,മരുതി , ഇനത്തിൽപ്പെട്ട തടികള്‍ ചിതലെടുത്ത് പൂർണമായും നശിച്ചു. ഇലവ്, കുളമാവ് ഇനത്തിൽപ്പെട്ട തടികൾ വളരെ നാളുകളായി ആർക്കും വേണ്ടാതെ കിടക്കുന്നു. ഇവയും ദ്രവിച്ചു തുടങ്ങി.
കെട്ടിക്കിടക്കുന്ന തടികൾക്ക് വില പുതുക്കി നിശ്ചയിച്ചാൽ സാധാരണക്കാർക്കും ഉപകാരമാകും. മരക്കച്ചവടം കുറഞ്ഞതിനാൽ ഡിപ്പോകളിലെ ലോഡിംഗ് തൊഴിലാളികളും ബുദ്ധിമുട്ടിലാണ്.
ചെറുതടികൾ എപ്പോൾ വേണമെങ്കിലും വാങ്ങാം
ലേലത്തിൽ പങ്കെടുക്കാതെ തന്നെ വീടു നിർമ്മാണത്തിന് ചെറുതടികൾ ജനങ്ങൾക്കു നേരിട്ട് എപ്പോൾ വേണമെങ്കിലും വാങ്ങാം. തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ബിൽഡിംഗ് പെർമിറ്റ് ഹാജരാക്കിയാൽ മാത്രം മതി . ടാക്സ് അടയ്ക്കേണ്ടതില്ല. ഓൺലെെൻ ലേലത്തിൽ പങ്കെടുക്കാൻ സാധാരണക്കാർക്ക് മടിയാണ്.
ചിന്നു ജനാർദ്ദനൻ
ഡി.എഫ്.ഒ
പെരുമ്പാവൂർ സെയിൽസ് ഡിവിഷൻ.
ഓൺലൈൻ കുരുക്ക്
ഇ ടെണ്ടറുകളിൽ മുന്തിയ തടികൾക്കാണ് ഡിമാൻഡ്. കുറഞ്ഞ ക്വാളിറ്റി തടികൾ കെട്ടിക്കിടക്കും.
ലേലത്തിൽ പോകാത്തവ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നേരിട്ട് വിൽക്കാമെന്ന വ്യവസ്ഥ ഇപ്പോഴില്ല.
ഒരു രൂപയുടെ വ്യത്യാസത്തിനും ലേലം അടുത്ത തീയതിയിലേക്ക് മാറ്റും.