kerala-high-court

കൊച്ചി : അന്തർ സംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകേണ്ടെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ മറുപടി നൽകാനും ഹൈക്കോടതി നിർദേശിച്ചു. 2014 ജൂലായ് 22 ന് ജലവിഭവ വകുപ്പ് (ഇന്റർ സ്റ്റേറ്റ് വാട്ടർ സെൽ) അഡിഷണൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് വിവരാവകാശ പ്രവർത്തകനും ആർ.ടി.ഐ കേരള ഫെഡറേഷൻ പ്രസിഡന്റുമായ അഡ്വ. ഡി.ബി. ബിനു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

മുല്ലപ്പെരിയാർ നദീജല തർക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള റിവ്യൂഹർജിയുടെ വിവരങ്ങൾ ലഭിക്കാൻ തിരുവനന്തപുരം സ്വദേശിയായ ഒരു മാദ്ധ്യമ പ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ ജലവിഭവവകുപ്പ് നിരസിച്ചിരുന്നു. അന്തർ സംസ്ഥാന ജലത്തർക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലടക്കമുള്ള കേസുകൾ തീർപ്പാകുന്നതുവരെ വിവരങ്ങൾ നൽകേണ്ടെന്നാണ് അഡി. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. കേസുകൾ നിലവിലിരിക്കെ വിവരാവകാശ നിയമപ്രകാരം നദീജല തർക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നത് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും കേസുകളെ ബാധിക്കുമെന്നും അഡി. ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.