periya-murder

കൊച്ചി : കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉന്നത സി.പി.എം നേതാക്കളുടെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ലെന്നും ഒന്നാം പ്രതി പീതാംബരൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കി. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എം. പ്രദീപ് കുമാറുടെ സ്റ്റേറ്റ്മെന്റ്. ഹർജി മേയ് 25ന് പരിഗണിക്കാൻ മാറ്റി.

ഹർജിക്കാർ ആരോപിക്കും പോലെ വമ്പൻ സ്രാവുകൾക്ക് കേസിൽ പങ്കുള്ളതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളുണ്ടായിട്ടില്ല.

സി.പി.എമ്മിന്റെ പ്രാദേശിക നേതാവായ പീതാംബരനെ ആക്രമിച്ചതിലുള്ള പകയാണ് കൊലപാതങ്ങൾക്ക് കാരണം. പീതാംബരൻ കുറ്റം സമ്മതിച്ചു. സജി സി. ജോർജ്, കെ.എം.സുരേഷ്, അനിൽകുമാർ, ജിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപൻ എന്നിവരാണ് മറ്റു പ്രതികൾ. ഒളിവിലുള്ള എട്ടാം പ്രതി സുബീഷ് വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. 2018ൽ കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തെത്തുടർന്ന് ശരത്‌ലാലിന്റെ നേതൃത്വത്തിൽ കോൺഗ്രസുകാർ ബസ് തടഞ്ഞ് സംഘർഷമുണ്ടാക്കിയപ്പോൾ പീതാംബരന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം കോൺഗ്രസ്, സി.പി.എം നേതാക്കൾ ഇടപെട്ട് സമാധാന ചർച്ച നടത്തി. എന്നാൽ,​ പീതാംബരൻ സമാധാന ശ്രമങ്ങൾക്കെതിരായിരുന്നു. ഇതിനാലാണ് പകവീട്ടാൻ സ്വന്തം നിലയ്ക്ക് ഇരട്ടക്കൊല ആസൂത്രണം ചെയ്തത്.

ആക്രമണങ്ങളിൽ നിന്ന് പാർട്ടി സംരക്ഷിക്കാത്തതിൽ സി.പി.എം പ്രവർത്തകർക്കിടയിൽ വ്യാപക എതിർപ്പുണ്ടെന്ന് വ്യക്തമാക്കുന്ന കത്ത് പീതാംബരന്റെ ബൈക്കിൽ നിന്ന് കണ്ടെടുത്തിരുന്നു. തനിക്കൊപ്പമുള്ളവരെ സംരക്ഷിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് പീതാംബരൻ ഭീഷണിയും മുഴക്കിയിരുന്നു. നേതാക്കളിൽ നിന്ന് പിന്തുണ കിട്ടാത്തതിനെ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി 17ന് ഉറ്റവർക്കൊപ്പം പകവീട്ടിയത്.

കൊലയ്ക്ക് ശേഷം പ്രതികൾ വെളുത്തോളിയിൽ ഒത്തുചേർന്നു. സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനും മറ്റും ഇവിടെയെത്തി. മണികണ്ഠൻ ഫോണിലൂടെ ആരുടെയോ ഉപദേശം തേടി. തുടർന്ന് പ്രതികളോടു വസ്ത്രം മാറാനും ആയുധങ്ങൾ ഒളിപ്പിക്കാനും നിർദേശിച്ചു. പിന്നീട് മണികണ്ഠന്റെ നിർദേശ പ്രകാരം നാല് പ്രതികളെ ഉദുമയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. അടുത്ത ദിവസം പ്രതികൾ വീണ്ടും വെളുത്തോളിയിൽ ഒത്തു കൂടിയ ശേഷമാണ് കീഴടങ്ങിയതെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.രണ്ടാം പ്രതി സജിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ആരും മോചിപ്പിച്ചിട്ടില്ല. ഫെബ്രുവരി 20ന് ഇയാളെ ബേക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.

എസ്.പിയെ മാറ്റിയത്

സ്വന്തം അപേക്ഷയിൽ

അന്വേഷണ മേൽനോട്ടത്തിൽ നിന്ന് ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീക്കിനെ മാറ്റിയത് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ അപേക്ഷ പരിഗണിച്ചാണെന്ന് ക്രൈംബ്രാഞ്ച് സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഫെബ്രുവരി 28ന് മറ്റൊരു എസ്.പിയായ സാബു മാത്യുവിന് മേൽനോട്ടച്ചുമതല നൽകി. മൂന്ന് സി.ഐമാർ ഉൾപ്പെടെ 21പേരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.