കൊച്ചി: ഫ്ളാറ്റ് നിവാസികളോട് വോട്ട് ചോദിക്കൽ സ്ഥാനാർത്ഥികൾക്കും അണികൾക്കുംവെല്ലുവിളിയാകുന്നു.ഒരു ഫ്ളാറ്റ് സമുച്ചയത്തിൽ കയറിയാൽ ചുരുങ്ങിയത് അമ്പത് പേരോടെങ്കിലും വോട്ട് ചോദിക്കാമെങ്കിലും അതിനകത്ത് കടന്നുകയറുകയെന്നത് ബാലികേറാമല തന്നെയാണ്.
ഫ്ളാറ്റുകളിലെ കടുത്ത നിയമാവലികളാണ് സ്ഥാനാർത്ഥികൾക്കും വോട്ടു ചോദിക്കാനെത്തുന്ന അണികൾക്കും വെല്ലുവിളിയാകുന്നത്. പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം നൽകണമെങ്കിൽ രജിസ്റ്ററിൽ ഒപ്പിട്ടു നൽകണമെന്നത് മാത്രമല്ല, താമസക്കാരുടെ സമ്മതവും വേണ്ടുന്ന ഇടങ്ങളുണ്ട്. സെക്യൂരിറ്റിക്കാരൻ വിളിച്ച് ചോദിച്ച് താമസക്കാരനോ അസോസിയേഷൻ ഭാരവാഹികളോ ഓ.കെ പറഞ്ഞാൽ മാത്രമേ കടത്തി വിടുകയുള്ളൂ.
ഗേറ്റഡ് കോളനികളിലും ഇതേ നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. കൂട്ടത്തിൽ സ്ഥാനാർത്ഥികളുണ്ടെങ്കിൽ സമ്മതം കിട്ടുമെങ്കിലും അണികൾ മാത്രമാണെങ്കിൽ പുറത്തു തന്നെ നിൽക്കേണ്ടി വരും. വോട്ടിനായി ഓരോ ഫ്ളാറ്റുകളുടെയും വാതിലിൽ മുട്ടുകയെന്നത് അത്ര എളുപ്പമല്ലാത്തതു കൊണ്ട് അസോസിയേഷൻ ഭാരവാഹികളെ കണ്ട് യോഗം സംഘടിപ്പിക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. പ്രദേശത്തെ കൗൺസിലർമാരെയോ ഫ്ളാറ്റിനുള്ളിൽ പരിചയമുള്ളവരെയോ കൂട്ടുപിടിച്ച് വോട്ടുതേടുകയാണ് എൽ.ഡി.എഫിന്റെ ഫ്ളാറ്റ് പ്രചരണ തന്ത്രം. അതിനായി എടുക്കുന്ന സമയം ചിലപ്പോൾ പ്രതീക്ഷിച്ച ഫലം തരാറില്ലെന്നതാണ് സത്യം. ഫ്ളാറ്റിൽ താമസിക്കുന്നതിൽ പകുതിയിലേറെ പേരും വാടകക്കാരാണ്. അതിൽ ഏറിയപങ്കിനും ഇവിടെയല്ല വോട്ട്. തങ്ങളുടെ സ്ഥാനാർത്ഥിക്കല്ലെങ്കിലും അവരുടെ നാട്ടിൽ തങ്ങളുടെ പാർട്ടിക്ക് വോട്ട് ഉറപ്പാക്കാൻ ഇതുസഹായിക്കുമെന്ന പ്രതീക്ഷയിലാണ് അണികൾ.
# യോഗങ്ങളേ നിവൃത്തിയുള്ളു'കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ഹൈബിക്കായി നഗരത്തിലെ എൺപതിലേറെ ഫ്ളാറ്റുകളിൽ ഒറ്റയ്ക്ക് പോയി വോട്ട് അഭ്യർത്ഥിച്ചിട്ടുണ്ട്. അന്ന് ഒരു ലക്ഷം വോട്ടർമാർ ആയിരുന്നെങ്കിൽ പാർലമെന്റ് ഇലക്ഷനിൽ 12 ലക്ഷം വോട്ടർമാരാണുള്ളത്. തൃക്കാക്കര, കാക്കനാട് ഒക്കെയാണ് ഏറ്റവും കൂടുതൽ ഫ്ളാറ്റുകൾ. നഗരത്തിലുള്ളതിന്റെ ഇരട്ടിയിലേറെ വരും. അത്രയും ഫ്ളാറ്റുകൾ കയറിയിറങ്ങുക തനിച്ച് പറ്റില്ല. അതുകൊണ്ട് അണികൾ ടീമായി യോഗം സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. അത് അവർ വിജയകരമായി നടത്തുകയും ചെയ്യുന്നുണ്ട്.'
അന്ന ഈഡൻ
യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ ഭാര്യ
# സൗഹൃദങ്ങൾ പ്രയോജനപ്പെടുത്തുന്നു
'ഓരോ ഫ്ളാറ്റും കയറി ഇറങ്ങുക എളുപ്പമല്ലെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ മികച്ച രീതിയിൽ ഇത്തവണ ചെയ്യാനാകുന്നുണ്ട്. ഫ്ളാറ്റ് അസോസിയേഷൻ നേതാക്കളും സഹകരിച്ചാലേ നടക്കുകയുള്ളൂ. പ്രദേശത്തെ സൗഹൃദങ്ങൾ പ്രയോജനപ്പെടുത്തിയാണ് ലക്ഷ്യം നേടുന്നത്. ഒരു വീട്ടിൽ കയറുന്നതിനേക്കാൾ മുൻകൂട്ടിയുള്ള ഒരുക്കവും സമയവും ആവശ്യമുണ്ട്.'
എം. അനിൽകുമാർ
സി.പി.എം നേതാവ്
# വോട്ടുപിടിത്തം രാവിലെയും വൈകിട്ടും
'രാവിലെ 8 ന് മുമ്പും വൈകിട്ട് 6 ന് ശേഷവുമാണ് ഫ്ളാറ്റുകളിൽ വോട്ട് അഭ്യർത്ഥിച്ച് ചെല്ലുന്നത്. ചില അസോസിയേഷനുകളിൽ വിലക്കുണ്ട്. എങ്കിലും അസോസിയേഷൻ നേതാക്കളെ കാര്യം ബോദ്ധ്യപ്പെടുത്തി വോട്ടർമാരെ നേരിട്ടു കാണുകയാണ്. ഉത്തരേന്ത്യയിലുള്ള പലരും ഇപ്പോൾ വോട്ടിനായി വരുന്നുണ്ട്. ഇവിടെയുള്ള ഉത്തരേന്ത്യൻ കുടുംബങ്ങളെ കാണുന്നതും ഗുണം ചെയ്യും.'
സി.ജി രാജഗോപാൽ
ബി.ജെ.പി മണ്ഡലം പ്രസിഡന്റ്