biju-radhakrishnan-high-c

കൊച്ചി : ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിൽ സോളാർ തട്ടിപ്പ് മുഖ്യ പ്രതി ബിജു രാധാകൃഷ്‌ണനെയും രണ്ടാം പ്രതിയായ അമ്മ രാജമ്മാളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി.

2006 ഫെബ്രുവരി മൂന്നിനാണ് സംഭവം. വഴക്കിനെത്തുടർന്ന് രശ്മിയെ ബിജു രാധാകൃഷ്‌ണൻ തലക്കിടിച്ചും മദ്യം കുടിപ്പിച്ചും അബോധാവസ്ഥയിലാക്കിയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

യഥാർത്ഥ മരണ കാരണംവ്യക്തമാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് ഇരുവരെയും വെറുതെവിട്ടത്.

വിചാരണക്കോടതി ബിജുവിന് ജീവപര്യന്തം കഠിന തടവും അമ്മയ്ക്ക് മൂന്നു വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. ഇരുവരുടെയും അപ്പീൽ അനുവദിച്ചാണ് ഹൈക്കോടതി വി​ധി​.


കൊല നടക്കുമ്പോൾ ബിജു - രശ്‌മി ദമ്പതികളുടെ മകന് മൂന്നര വയസായിരുന്നു. എട്ട് വർഷങ്ങൾക്കു ശേഷം 11 -ാം വയസിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് നിയമപരമായി നിലനിൽക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. രശ്മിയെ ആശുപത്രി​യിലെത്തിച്ച ബിജു മരണം സ്ഥിരീകരിച്ചതോടെ മുങ്ങിയെന്നും ആശുപത്രിയിൽ രശ്‌മിയെ എളുപ്പം എത്തിക്കാൻ ബിജു ശ്രമിച്ചില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. കൊലപാതകമാണെന്നതിന് നേരിട്ടൊരു തെളിവും ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.