കൊച്ചി:സിമി എന്ന നിരോധിത സംഘടനയുടെ പേരിൽ ആലുവ പാനായിക്കുളത്ത് രഹസ്യ ക്യാമ്പ് സംഘടിപ്പിച്ച കേസിൽ എൻ.ഐ.ഐ കോടതി ശിക്ഷിച്ച അഞ്ച് പ്രതികളെയും ഹൈക്കോടതി വെറുതേ വിട്ടു.
ഈരാറ്റുപേട്ട നടയ്‌ക്കൽ പീടിയാക്കൽ ഹാരിസ് എന്ന പി.എ. ഷാദുലി, സഹോദരീ ഭർത്താവ് പേരകത്തുശേരിൽ അബ്ദുൾ റാസിക്ക്, വടക്കേക്കര അമ്പഴത്തിങ്കൽ ഷമ്മി എന്ന ഷമ്മാസ്, ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലിൽ അൻസാർ എന്ന അൻസാർ നട്‌വി, പാനായിക്കുളം ജാസ്‌മിൻ മൻസിലിൽ നിസുമോൻ എന്ന നിസാമുദ്ദീൻ, എന്നിവരെയാണ് ഡിവിഷൻ ബെഞ്ച് വെറുതേ വിട്ടത്. അന്ന് പ്രായപൂർത്തിയാകാത്ത13 -ാം പ്രതിക്കെതിരായ കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് മാറ്റിയിരുന്നു. അത് റദ്ദാക്കാനുള്ള പ്രതിയുടെ അപ്പീലും അനുവദിച്ചു. പതിനൊന്ന് പ്രതികളെ വെറുതേ വിട്ടതിനെതിരായ പ്രോസിക്യൂഷന്റെ അപ്പീലും തള്ളിയിട്ടുണ്ട്.
2006 ആഗസ്റ്റ് 15 ന് പാനായിക്കുളം ഹാപ്പി ആഡിറ്റോറിയത്തിൽ പ്രതികൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സിമിയുടെ പേരിൽ രഹസ്യ യോഗം ചേർന്നെന്നാണ് കേസ്. ഷാദുലിക്കും അബ്ദുൾ റാസിക്കിനും 14 വർഷം തടവും 60,000 രൂപ പിഴയും മറ്റു പ്രതികൾക്ക് 12 വർഷം തടവും 55,000 രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷിച്ചത്. ആദ്യം പ്രതിയാക്കുകയും പിന്നീട് മാപ്പു സാക്ഷിയാക്കുകയും ചെയ്ത വ്യക്തിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്ന് ഹൈക്കോടതി വിലയിരുത്തി.
പ്രതികൾക്കെതിരെ രാജ്യദ്രോഹം, ഗൂഢാലോചന, നിരോധിത സംഘടനയിൽ പങ്കാളിയാകൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇവയൊന്നും തെളിയിക്കാൻ മതിയായ രേഖകളില്ലെന്ന് കോടതി വ്യക്തമാക്കി.
സിമിയുടെ പേരിലാണ് യോഗമെന്നതിന് തെളിവില്ല
സിമിയുടെ പേരിലാണ് യോഗം സംഘടിപ്പിച്ചതെന്നതിനോ പ്രതികൾ സംഘടനയിലെ അംഗങ്ങളാണെന്നതിനോ തെളിവുകളില്ല. പിടിച്ചെടുത്ത ലഘുലേഖകളും മറ്റും സിമിയുടെ പേരിൽ പ്രസിദ്ധീകരിച്ചതാണെന്നും ചിലതിൽ സിമിയുടെ പേരും സീലും ഉണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇവ സംഘടനയെ നിരോധിച്ച ശേഷം പ്രസിദ്ധീകരിച്ചതാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. നിരോധനത്തിനു മുമ്പ് തയ്യാറാക്കിയ ലഘുലേഖകളും മറ്റും കൈയിലുള്ളതുകൊണ്ടു മാത്രം ഒരാൾ നിരോധിക്കപ്പെട്ട സംഘടനയിലെ അംഗമാണെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഗൂഢാലോചനയ്‌ക്കും രാജ്യദ്രോഹത്തിനും തെളിവില്ല
പ്രതികൾ എപ്പോൾ എവിടെ വച്ച് ഗൂഢാലോചന നടത്തിയെന്ന് വ്യക്തമായി പറയുന്നില്ല. ഗൂഢാലോചന തെളിയിക്കണമെങ്കിൽ നിയമവിരുദ്ധമായ എന്തെങ്കിലും തീരുമാനിച്ചെന്ന് തെളിയിക്കണം. അതിന് തെളിവില്ല. ഇന്ത്യാ ഗവൺമെന്റിനോ സൈന്യത്തിനോ എതിരായി പ്രസ്താവന നടത്തിയതു കൊണ്ടു മാത്രം രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ല. രാജ്യത്തിനെതിരെ വിരോധം ഉണർത്തുകയോ ഉണ്ടാക്കുകയോ ചെയ്യുന്നതിന് വ്യക്തമായ തെളിവുണ്ടാകണം.
വിചാരണക്കോടതി വിധിയിൽ പിഴവുണ്ട്
പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയതിലും ശിക്ഷ വിധിച്ചതിലും ഗുരുതരമായ പിഴവുണ്ട്. കോടതിക്ക് മുന്നിലുള്ള രേഖകളേക്കാൾ വെബ്സൈറ്റിലെ വിവരങ്ങളെ അനാവശ്യമായി വിചാരണക്കോടതി ആശ്രയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളുടെ മഹസർ (സീസർ മഹസർ) കോടതിയിൽ സമർപ്പിക്കാൻ വൈകിയതിന് കാരണം വ്യക്തമാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. ഇതിനാൽ തെളിവായി ഹാജരാക്കിയ രേഖകൾക്ക് ആധികാരികത പോരെന്നും കോടതി വിലയിരുത്തി.