കൊച്ചി : ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് പി.ഡി. രാജൻ സർവീസിൽ നിന്ന് വിരമിച്ചു. ഇന്നലെ ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ഫുൾ കോർട്ട് റഫറൻസിലൂടെ യാത്രയയപ്പ് നൽകി. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് ഉൾപ്പെടെ ജഡ്ജിമാരും അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സി. ശ്രീധരൻ നായർ തുടങ്ങിയവരും ഹൈക്കോടതി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ പി.ഡി. രാജൻ കലിക്കറ്റ് ലാ കോളേജിൽ നിന്ന് നിയമബിരുദവും എം.ജി സർവകലാശാലയിൽ നിന്ന് എൽ.എൽ.എമ്മും നേടി. 1987 ൽ പത്തനംതിട്ടയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1995 ൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായി സർവീസിൽ കയറി. 2013 ജനുവരി 28 നാണ് ഹൈക്കോടതിയിൽ അഡി. ജഡ്ജിയായി നിയമിതനായത്. 2014 ജനുവരി 16 ന് സ്ഥിരം ജഡ്ജിയായി.
ഉരുട്ടിക്കൊലക്കേസിൽ കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ 2016 ൽ വിധിച്ചത് ജസ്റ്റിസ് പി.ഡി. രാജന്റെ ബെഞ്ചായിരുന്നു. അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പു കേസിൽ കെ.എം. ഷാജിയെ അയോഗ്യനാക്കിയതും അദ്ദേഹത്തിന്റെ ബെഞ്ചിന്റെ വിധിയിലാണ്.