കൊച്ചി: മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലെ ദുരൂഹത അവസാനിപ്പിക്കാതെ ജനങ്ങൾക്ക് മുന്നിൽ നിന്ന് ഒളിച്ചോടുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതിന്റെ ഭാഗമായി താൻ ആശങ്കകൾ പങ്കുവയ്‌ക്കുമ്പോൾ രാജ്യദ്രോഹിയെന്നും വികസനവിരോധിയെന്നും വിളിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന മന്ത്രി തോമസ് ഐസക്കിന്റെ നടപടി തരംതാണതാണ്. അതേ ഭാഷയിൽ മറുപടി നൽകാൻ മുതിരുന്നില്ല.
തനിക്ക് വിവരമില്ലെന്നാണ് ഐസക് പറയുന്നത്. ഐസക്കിന്റെ അത്ര വിവരം തനിക്കില്ല. ധനതത്വശാസ്‌ത്രത്തിൽ ബിരുദധാരിയായ തനിക്ക് 'കയറിൽ' പി.എച്ച്.ഡിയില്ല. അതിനാൽ വിവരം പഠിപ്പിക്കാൻ ഐസക് വരേണ്ട. ധനകാര്യമന്ത്രിക്ക് മാത്രമേ വിവരമുള്ളുവെന്ന ഭാവം മാറ്റണം. മസാല ബോണ്ട് വിഷയത്തിൽ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചതിനാലാണ് ഏറ്റവും കുറഞ്ഞ പലിശയെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങളുടെ മേൽ ഏറ്റവും കൂടുതൽ പൊതുകടം കെട്ടിവച്ച ധനകാര്യ മന്ത്രിയാണ് ഐസക്കെന്നും ചെന്നിത്തല പറഞ്ഞു.