കൊച്ചി: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഏകോപനമില്ലെന്നു കാട്ടി ശശി തരൂർ എ.ഐ.സി.സി നേതൃത്വത്തിനു പരാതി നൽകി എന്നത് ബി.ജെ.പിയുടെ പ്രചാരണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരിക്കലും കുമ്മനം രാജശേഖരൻ ജയിക്കില്ല. തരൂരിന് വൻ ഭൂരിപക്ഷമുണ്ടാകും. മണ്ഡലത്തിൽ താൻ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. തരൂർ ഒരു പരാതിയും നൽകിയിട്ടില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാണ്. ബി.ജെ.പി അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയാണ് എതിർക്കുന്നത്. അമിത് ഷായുടെ പ്രസ്‌താവനകൾ മതസൗഹാർദ്ദത്തെ തകർക്കുമെന്നും ചെന്നിത്തല പറഞ്ഞു.
രാഹുൽ പി.എം
ആകില്ല: സുധാകരൻ
ആലപ്പുഴ: കമ്മ്യൂണിസ്റ്റുകാരെ വേദനിപ്പിച്ച രാഹുൽ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാകില്ലെന്ന് മന്ത്രി ജി.സുധാകരൻ. കമ്മ്യൂണിസ്റ്റുകാർ എന്തിനാണ് പാർലമെന്റിലേക്ക് പോകുന്നതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ചോദിക്കുന്നത്. അവർ ചോദിക്കട്ടെ.
മോദിയെ പേടിച്ചാണ് രാഹുൽ ഒളിച്ചോടി വയനാട്ടിലെത്തിയത്. രാഹുലിനെപ്പറ്റി ഞങ്ങൾക്കുണ്ടായിരുന്ന ധാരണ പോയി. രാഹുലിനെ കണ്ട് ആരും വോട്ടു ചെയ്യില്ല. ചെയ്യുമായിരുന്നെങ്കിൽ വടക്കേ ഇന്ത്യയിൽ കിട്ടുമായിരുന്നില്ലേ. മേനി കണ്ട് ആരും വോട്ട് ചെയ്യില്ല.
കോൺഗ്രസ് രാഷ്ട്രീയം അസ്ഥിക്കു പിടിച്ച ഡോ.കെ.എസ്.രാധാകൃഷ്‌ണൻ ബി.ജെ.പിയിൽ ചേർന്ന് കടപ്പുറത്തുകൂടി സമുദായം പറഞ്ഞ് വോട്ടു പിടിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
ലക്ഷ്‌മണരേഖ
ലംഘിക്കരുത്
തിരുവനന്തപുരം: ശബരിമല എന്നു പറയാതെ നിലപാട് വ്യക്തമാക്കിയ നരേന്ദ്രമോദിയുടെ ശൈലി എല്ലാവരും മാതൃകയാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കോഴിക്കോട്ട് എൻ.ഡി.എയുടെ വിജയ് സങ്കല്പ് റാലിയിൽ മോദി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ല. ഈ ശൈലി മാതൃകയാക്കണം. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാം, ദൈവത്തിന്റെ പേര് പറയുകയല്ല വേണ്ടത്.
ചട്ടം ലംഘിച്ചാൽ നടപടിയെടുക്കും. മതപരമായ വിഷയങ്ങൾക്ക് തിരഞ്ഞെടുപ്പിൽ ലക്ഷ്‌മണരേഖയുണ്ട്. കാസർകോട്, തൃശൂർ, കൊല്ലം കളക്ടർമാർക്ക് ലഭിച്ച പെരുമാറ്റ ചട്ടലംഘന പരാതികളിൽ അവർക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
അരിച്ചുപെറുക്കി
സുരക്ഷ
കണ്ണൂർ: സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് വയനാടൻ കാടും മലനിരകളും അരിച്ചുപെറുക്കാൻ കണ്ണൂർ റേഞ്ച് ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വനാതിർത്തിയിൽ പര്യടനത്തിനു പോകുന്ന സ്ഥാനാർത്ഥികൾ പൊലീസിനെ മുൻകൂട്ടി അറിയിക്കണം. 16-ന് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നുണ്ട്.
കർണാടക പൊലീസിന്റെ ആന്റി നക്‌സൽ വിഭാഗം, തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ച് എന്നിവയും കേരളത്തിന്റെ തണ്ടർബോൾട്ടും ചേർന്നുള്ള നീക്കമാണ് വനമേഖലയിൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്ന് മാവോയിസ്റ്രുകൾക്ക് നല്ല സഹായം കിട്ടുന്നുണ്ടെന്നാണ് ഇന്റലിജൻസിന്റെ വിവരം. പീപ്പിൾസ് ഗറില്ല ആർമി, പീപ്പിൾസ് മിലിഷ്യ എന്നീ സംഘങ്ങളുടെ സാന്നിദ്ധ്യവും ഇവിടെയുണ്ടെന്ന് പൊലീസ് പറയുന്നു. വയനാട്ടിൽ ഹോട്ടലുകളിൽ മുറിയെടുക്കുന്നവരുടെ വിശദ വിവരങ്ങളും തിരിച്ചറിയൽ രേഖകളുടെ കോപ്പിയും അതത് പൊലീസ് സ്റ്റേഷനുകളിൽ എത്തിക്കണമെന്നും കർശന നിർദ്ദേശമുണ്ട്.
തുഷാറിന് ഭീഷണി,
സുരക്ഷ കൂട്ടി
കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട്. ഇതേത്തുടർന്ന് തുഷാറിനുള്ള സുരക്ഷ ശക്തമാക്കി.
രണ്ട് ഗൺമാൻമാർ സദാ തുഷാറിനൊപ്പമുണ്ടാകും. പ്രചാരണ പരിപാടികളിൽ തണ്ടർബോൾട്ടിന്റേത് ഉൾപ്പെടെ നിരീക്ഷണവുമുണ്ടാകും. വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ വണ്ടൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു ഇന്നലെ തുഷാറിന്റെ പര്യടനം.
തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാവോയിസ്റ്റ് പോസ്റ്ററുകളും ലഘു ലേഖകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നലെ തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വീടുകളിൽ ലഘു ലേഖയും വിതരണം ചെയ്‌തു. കഴിഞ്ഞ ദിവസം വയനാട് പ്രസ് ക്ളബിലും മാവോയിസ്റ്റുകളുടെ ലഘുലേഖയെത്തി. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തോട്ടം തോഴിലാളികളോടും മറ്റും ആഹ്വാനം ചെയ്യുന്നതായിരുന്നു ഉള്ളടക്കം. വൈത്തിരി റിസോർട്ടിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതിന് തിരിച്ചടിയുണ്ടാകുമെന്ന നിഗമനത്തിൽ വനാതിർത്തിയിലുള്ള ആറ് പൊലീസ് സ്റ്റേഷനുകൾക്ക് നേരത്തേ തന്നെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
അതേസമയം, വയനാട്ടിലെ അവഗണിക്കപ്പെട്ടുകിടന്ന ആദിവാസി മേഖലയിൽ നടത്തിയ സജീവ ഇടപെടലുകളിൽ പരിഭ്രാന്തരായവരാണ് തനിക്കെതിരെ ഭീഷണി മുഴക്കുന്നതെന്ന് രാഹുൽ പറഞ്ഞു.