2019-election

കൊച്ചി: തിരഞ്ഞെടുപ്പിൽ ബി.ജെ.പി ശബരിമല വിഷയം ആയുധമാക്കിയാലും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്ന് മുതി‌ർന്ന സി.പി.എം നേതാവ് എം.എം ലോറൻസ് പറഞ്ഞു. മോദി സർക്കാരും ബി.ജെ.പിയും കുത്തകകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇതെല്ലാം ജനം മനസിലാക്കിയിട്ടുണ്ട്. എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരരുതെന്നാണ് രാജ്യത്തെ ഭൂരിപക്ഷ വികാരം. കോൺഗ്രസിന് മറ്റു മാർഗമില്ലാത്തതിനാൽ നേതാവാക്കിയ ആളാണ് രാഹുൽ ഗാന്ധി. എം.എം ലോറൻസ് 'ഫ്ലാഷി'നോട് സംസാരിക്കുന്നു:


കേരളം ചുവക്കും

സംസ്ഥാനത്ത് ഇടതുപക്ഷം നില മെച്ചപ്പെടുത്തും. നിലവിലെ സാഹചര്യത്തിൽ 20 സീറ്റ് വരെ കിട്ടാൻ സാദ്ധ്യതയുണ്ട്. കിട്ടണമെന്നാണ് ആഗ്രഹം. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളും ഉയർത്തിയുള്ള പ്രചാരണം ഗുണം ചെയ്യും. സഖ്യശക്തികൾ ഒറ്റക്കെട്ടായി നിന്നാൽ രാജ്യത്ത് നിന്ന് ബി.ജെ.പിയെ തൂത്തെറിയാം. തിരഞ്ഞെടുപ്പിനു ശേഷം പാർട്ടികളുടെ നിലപാടുകൾ കൂടുതൽ വ്യക്തമാവും.

mml
എം.എം ലോറൻസ്

നിർണായക ശക്തിയാകും

തിരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് ഇടതുപക്ഷമായിരിക്കും നിർണ്ണായക ശക്തി. ജനാധിപത്യത്തെ സംരക്ഷിക്കാനും വർഗീയ ശക്തികളെ എതിരിട്ട് തോൽപ്പിക്കാനും ഇടതുപക്ഷത്തിനേ സാധിക്കൂ. വർഗീയതയെ പൂർവാധികം ശക്തിയോടെ ചെറുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭരണഘടനയെ തകർക്കുന്ന ആളുകളും മോദിയുടെ അനുയായികളും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. നരേന്ദ്രമോദിക്ക് ഇവരിൽ നിന്ന് വ്യത്യസ്തമായൊരു അഭിപ്രായമില്ല. പാർലമെന്റ്, ജ്യൂഡീഷ്യറി, ഭരണഘടന എന്നിവ സംരക്ഷിക്കപ്പെടേണ്ടത് മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യമാണ്. അതിന് വേണ്ടി പ്രവർത്തിക്കേണ്ട സമയമാണ് തിരഞ്ഞെടുപ്പ്. അത് മനസിലാക്കി ജനങ്ങൾ പ്രവർത്തിക്കുമെന്നാണ് വിശ്വാസം.

രാഹുൽ അത്ര പോരാ

രാഹുൽ ഗാന്ധിയെ തഴക്കം വന്ന രാഷ്ട്രീയ നേതാവായി വിലയിരുത്താൻ സാധിക്കില്ല. ശബരിമല വിഷയം നോക്കൂ.. രാഹുൽ ഗാന്ധി സ്വീകരിച്ച നിലപാട് നാം കണ്ടതല്ലേ. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ പോലും നിലയ്ക്കു നി‌റുത്താൻ അദ്ദേഹത്തിന് കഴിയുന്നില്ല. ഈ വ്യക്തി എങ്ങനെ രാജ്യം ഭരിക്കും ? വയനാട്ടിലെ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പമാണ്.