ആലുവ: 'ശ്രീമൻ നാരായണൻ മിഷൻ' ജില്ലയിൽ ആരംഭിച്ച 'ജീവജലത്തിന് ഒരു മൺപാത്രം പദ്ധതി'യ്ക്ക് കോട്ടയം ജില്ലയിലും തുടക്കമായി. ബസേലിയസ് കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ജെൻസി തോമസ് ശ്രീമൻനാരായണൻെറ മൺപാത്രത്തിലേക്ക് ജലം പകർന്ന് പദ്ധതിക്ക് ആരംഭംകുറിച്ചു.
പദ്ധതിയുടെ ഭാഗമായി കോട്ടയം സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ്, മാർക്കറ്റ് തുടങ്ങിയ പ്രധാനസ്ഥലങ്ങളിലെല്ലാം പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാക്കുവാൻ മൺപാത്രങ്ങൾ സ്ഥാപിക്കും. ബസേലിയസ് കോളേജിലെ നാഷണൽ സർവ്വീസ് സ്‌കീം അംഗങ്ങളാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. തൃശ്ശൂരും പാലക്കാടും സന്നദ്ധപ്രവർത്തകർ വഴി നൂറുകണക്കിന് മൺപാത്രങ്ങൾ വേറേയും സ്ഥാപിച്ചിട്ടുണ്ട്. ചൂടിന്റെ കാഠിന്യം അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മൺപാത്രങ്ങളിൽ വെള്ളം പക്ഷികൾക്കായി ഒരുക്കിവക്കാൻ കൂടുതൽ സുമനസ്സുകൾ മുമ്പോട്ടു വരണമെന്ന് ശ്രീമൻ നാരായണൻ അഭ്യർത്ഥിച്ചു. ഫോൺ: 9995167540