പറവൂർ : പുത്തൻവേലിക്കര പഞ്ചായത്തിലെ ചെറുകടപ്പുറം പ്രദേശത്ത് വാഴക്കൃഷി കരിഞ്ഞുണങ്ങുന്നു. വാഴ കർഷകരായ വിൽസൺ തച്ചിൽ, വി.സി. ഭാസ്ക്കരൻ എന്നിവരുടെ കൃഷിയിടത്തിലാണ് വാഴകൾ കരിഞ്ഞുണങ്ങിയത്. മൂന്നു മാസമായി തുടരുന്ന പ്രതിസന്ധിക്ക് ഇതുവരെ പരിഹാരം കാണാനായിട്ടില്ല. പ്രദേശത്തെ മറ്റുചില കൃഷിയിടങ്ങളിലും പ്രതിസന്ധിയുണ്ട്. നാല് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ബാങ്കിൽ നിന്നു കാർഷിക ലോണെടുത്തിട്ടുണ്ട്. കുലച്ച വാഴകൾ പോലും നശിക്കുന്ന സ്ഥിതിയാണ്. പുത്തൻവേലിക്കര കൃഷിഭവനും തിരുവനന്തപുരത്തെ കിസാൻ വികസന കേന്ദ്രവുമായി ബന്ധപ്പെട്ടെങ്കിലും വാഴ ഉണങ്ങുന്നതിന്റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. പൊട്ടാഷിന്റെ കുറവാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിനുള്ള വളപ്രയോഗം ചെയ്തെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞവർഷം വച്ച വാഴകൾ പ്രളയത്തിൽ നശിച്ചു. ഒരു കുലപോലും വെട്ടാനായില്ല. . പ്രളയത്തെത്തുടർന്ന് മണ്ണിന്റെ ഘടനയിൽ വന്ന മാറ്റമാണോ ഇതിനു കാരണമെന്ന് സംശയമുണ്ട്.