മൂവാറ്റുപുഴ: കിഴക്കൻ മേഖലയിൽ വിഷു വിപണി സജീവമായി. പ്രധാന കവലകളിലെല്ലാം തന്നെ പടക്ക ക്കടകൾസജീവമായിട്ടുണ്ട്. ഇക്കുറി ചൈനീസ് പടക്കത്തിനാണ് കൂടുതൽ ഡിമാൻഡ് . വിഷുവിന് സദ്യയൊരുക്കി വീട്ടിലെത്തിക്കുന്ന സഞ്ചരിക്കുന്ന സദ്യാലയങ്ങൾ നാട്ടിൻ പുറങ്ങളിലുൾപ്പടെ സജീവമാണ്. പായസ കച്ചവടക്കാർക്കാണ് വൻ ഡിമാൻറ്. പായസം ഓർഡർ നൽകി വാങ്ങുന്ന രീതിയാണ് ഗ്രാമപ്രദേശങ്ങളിലടക്കം നടക്കുന്നത് .ചെലവ് നോക്കുമ്പോൾ ലാഭവും അതാണ് .വിഷുവിന് കൈനീട്ടമാണ് പ്രധാനമെങ്കിലും ഇപ്പോൾ വിഷുകോടി വാങ്ങലും സജീവമായിട്ടുണ്ട് . നഗരങ്ങളിലെ തുണികടകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പല ക്ലബ്ബുകളും സമുദായ സംഘടനകളും വിഷുക്കണിയൊരുക്കി പുലർച്ചെ വീടുകളിലെത്തിവീട്ടുകാരെ വിളിച്ചുണർത്തി കണികാണിക്കും. കണിവെള്ളരിക്കയും കൊന്നപ്പൂവും ഒഴിവാക്കാനാകില്ല. കണിവെള്ളരിക്ക് വൻ ഡിമാന്റ് ആണ്. ഗ്രാമപ്രദേശങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കൊന്നപ്പൂക്കൾ പറിച്ചെടുത്ത് ചെറുകെട്ടുകളാക്കി നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ വില്പനക്കായി വെച്ചിട്ടുണ്ട്. പ്രചാരണത്തിനിടയിൽ സ്ഥാനാർത്ഥികളെ ഇക്കുറി എല്ലാ സ്ഥലത്തും കൊന്നപ്പൂക്കൾ കൊടുത്താണ് സ്വീകരിച്ചത്. ഇതോടെ കൊന്നപ്പൂവിന് വൻ ഡിമാന്റായി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ടൂർണ്ണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥിമാരുടെ വിഷു ആശംസ കാർഡുകൾ എല്ലാ വീടുകളിലും എത്തിക്കുന്ന തിരക്കിലാണ് പ്രവർത്തകർ ഇപ്പോൾ.