babu-paul

പെരുമ്പാവൂർ : ഭരണനൈപുണ്യത്തിലൂടെയും പാണ്ഡിത്യത്തിലൂടെയും മലയാളി മനസിൽ ചേക്കേറിയ ഡോ.ഡി. ബാബുപോളിന് ഇനി അമ്മയുടെ അരികിൽ അന്ത്യനിദ്ര. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ജന്മനാടായ എറണാകുളത്തെ കുറുപ്പംപടിയിൽ അന്ത്യകർമ്മങ്ങൾ നടത്തിയത്. പൂർണ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ.

കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ അമ്മ മറിയവും അമ്മൂമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ചീരത്തോട്ടത്തിൽ കുടുംബകല്ലറയിലാണ് ബാബുപോളിന്റെ മൃതദേഹവും ഇന്നലെ വൈകിട്ട് നാലോടെ സംസ്കരിച്ചത്. ബാബുപോളിന്റെ പിതാവ് പി.എ. പൗലോസ് കോർ എപ്പിസ്കോപ്പയെ വൈദികനായിരുന്നതിനാൽ സെമിത്തേരിയിൽ മറ്റൊരു സ്ഥലത്താണ് സംസ്കരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയായിരുന്നു ബാബുപോളിന്റെ അന്ത്യം.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം ജന്മനാടായ കുറുംപ്പംപടിയിൽ എത്തിച്ചത്. അടുത്ത ബന്ധുവായ അമ്മിണി ഡേവിസിന്റെ വസതിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ ആയിരങ്ങളാണ് എത്തിയത്.

ഉച്ചയ്ക്ക് രണ്ടരയോടെ പള്ളിയിലേക്ക് മൃതദേഹം എത്തിച്ചു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ ശുശ്രൂഷാ ചടങ്ങുകൾ ആരംഭിച്ചു. യാക്കോബായ സഭയിലെ മൊത്രാപ്പൊലീത്തമാർ സഹ കാർമ്മികരായി. സീറോ മലബാർസഭാ തലവൻ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി പ്രാർത്ഥന അർപ്പിച്ചു. ബാബുപോളിന്റെ ആഗ്രഹപ്രകാരം ചടങ്ങുകളെല്ലാം ലളിതമായാണ് നടത്തിയത്. സംസ്കാരശുശ്രൂഷകൾക്ക് ശേഷം മൃതദേഹം പള്ളിമുറ്റത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്തേയ്ക്ക് മാറ്റി. പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ അവിടെവച്ച് നൽകി. തുടർന്ന് കല്ലറയിൽ സംസ്‌കരിച്ചു.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.വി. തോമസ് , ഇന്നസെന്റ്, ബെന്നി ബെഹനാൻ, എ.എൻ. രാധാകൃഷ്ണൻ, വയലാർ രവി, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി,പി.പി. തങ്കച്ചൻ, എം.എൽ.എമാരായ പി.ടി. തോമസ്, എൽദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രൻ, അനൂപ് ജേക്കബ്, ഡൊമനിക് പ്രസന്റേഷൻ, ടി.യു. കുരുവിള, ജോസ് തെറ്റയിൽ, കെ. ബാബു, മാത്യു ടി. തോമസ്, സാജുപോൾ, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, എം.എം. ലോറൻസ്, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്, രവി ഡി.സി, ജസ്റ്റിസ് അബ്ദുൾ റഹീം, പി.ജെ കുര്യൻ, സഹായമെത്രാൻ തോമസ് ചക്യാത്ത്, കോതമംഗലം രൂപതാ ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ, യാക്കോബായ സഭാ മെത്രാപ്പൊലീത്തമാരായ തോമസ് അത്തനാസിയോസ്, ജോസഫ് ഗ്രിഗോറിയോസ്, മുടിക്കരായി പള്ളി വികാരി ഫാ. ജോസ് പൊതൂർ തുടങ്ങിയവർ അന്തിമോപാചാരം അർപ്പിച്ചു.

വിട പറഞ്ഞ് തലസ്ഥാനം

ഇരുപത് വർഷത്തോളം തലസ്ഥാനത്തെ ഭരണ സാംസ്കാരിക വികസന പ്രവർത്തനങ്ങളിൽ മുഖ്യ സ്ഥാനം വഹിച്ച ഡോ.ബാബു പോളിന് തലസ്ഥാനം വിടനൽകി.വർഷങ്ങളോളം ഏകാന്തവാസം നയിച്ച കവടിയാർ മമ്മീസ് കോളനിയിലെ ചീരത്തോട്ടം വീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം എറണാകുളത്തേക്ക് കൊണ്ട് പോയത്.