കൊച്ചി : കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിലെ പ്രതികൾ തോക്ക് ഉപയോഗിക്കാൻ മുൻകൂട്ടി പരിശീലനം നേടിയശേഷമാണ് കൃത്യം നടത്തിയതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.അധോലോകനായകൻ രവി പൂജാരി നൽകിയ തോക്ക് മറ്റു ദൗത്യങ്ങൾക്ക് ഉപയോഗിച്ചതായും സൂചനയുണ്ട്.ക്രൈംബ്രാഞ്ച് പിടികൂടിയ ബിലാൻ, വിപിൻ വർഗീസ് എന്നിവരെ ചോദ്യം ചെയ്യുകയും ഒളിവിൽക്കഴിഞ്ഞ സ്ഥലത്ത് തെളിവെടുക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ബിലാലിന്റെ കൈവശമാണ് ആദ്യം തോക്ക് ലഭിച്ചത്. തോക്ക് ഉപയോഗിക്കാൻ ഇയാൾക്കറിയാം. വിപിൻ വർഗീസിനെ ബിലാലാണ് തോക്ക് ഉപയോഗിക്കാൻ
പരിശീലിപ്പിച്ചത്.കളമശേരി എൻ.എ.ഡിക്ക് സമീപം അമേരിക്ക എന്നറിയപ്പെടുന്ന കാടുപോലുള്ള ഒളിവുസങ്കേതത്തിൽ വച്ചായിരുന്നു പരിശീലനം.ഏഴു തിരകൾ ഉപയോഗിച്ച് പരിശീലനം നടത്തിയെന്ന് പ്രതികൾ പറഞ്ഞു.
വിപിന് വൈരാഗ്യമുണ്ടായിരുന്ന ഒരാളെ മുമ്പ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. ബ്യൂട്ടി പാർലറിൽ വെടിവയ്പ്പ് നടത്തിയശേഷം വിപിനാണ് തോക്ക് സൂക്ഷിച്ചത്. രവി പൂജാരി നൽകിയ തോക്ക് കാസകോട്ടെ സംഘത്തലവൻ മോനായിയാണ് ബിലാലിനും വിപിനും എത്തിച്ചുകൊടുത്തത്. കഴിഞ്ഞദിവസം അറസ്റ്റിലായ അൽത്താഫാണ് തോക്കെത്തിക്കാൻ ഇടനിലയായി പ്രവർത്തിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്.
ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ബിലാൽ, വിപിൻ വർഗീസ്, അൽത്താഫ് എന്നിവരെ ഒരുമിച്ചും പ്രത്യേകമായുമാണ് ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച വരെയാണ് ഇവരെ കസ്റ്റഡിയിൽ വിട്ടത്. തോക്ക് കൈമാറാൻ താൻ ഇടനില നിന്നിട്ടില്ലെന്ന അൽത്താഫിന്റെ വിശദീകരണം ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുത്തിട്ടില്ല. രവി പൂജാരിയുടെ ക്വട്ടേഷൻ കൈമാറിയത് മോനായിയാണെന്ന് ഇയാൾ സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ക്വട്ടേഷൻ സംഘത്തെ സഹായിച്ച കൊല്ലം സ്വദേശിയായ ഡോക്ടറെ കണ്ടെത്താനും അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ഡിസംബർ പതിനഞ്ചിനാണ് നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പുണ്ടായത്. നടിയും രവി പൂജാരിയും തമ്മിലുള്ള പണമിടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ രവി പൂജാരി ശ്രമിക്കുന്നെന്നാണ് നടിയുടെ പരാതി.