മൂവാറ്റുപുഴ: ചുട്ടുപൊള്ളുന്ന ചൂടിനേക്കാൾ വലിയ രാഷ്ട്രീയ ചൂട്.ഗ്രാമങ്ങളിലെ ചായകടകളിൽ ചർച്ച സജീവം. പുലർച്ചെ സജീവമാകുന്ന ചായക്കട ചർച്ചകൾ ചൂടൻ ചായ അകത്താകുന്നതോടെ വാദപ്രതിവാദത്തിലേക്ക് നീങ്ങും. പ്രഭാത സവാരിക്കാരാണ് ഒന്നാം വട്ട ചർച്ചക്കാർ. ഇടക്ക് കവിതകളും ഉപമകളും രംഗം കൊഴുപ്പിക്കും. പുലർച്ചെ നാല് മുതൽ പായിപ്ര സൊസെെറ്റി പടിയിലെ നൂജുമ്മിന്റെ ചായക്കടയിലെ സ്ഥിരം കാഴ്ചയാണിത്. കൊഴുപ്പേകാൻ കടയുടമ നൂജിമ്മും ചർച്ചയിൽ പങ്കെടുക്കാറുണ്ട്. മോദിയുടെ അഞ്ച് വർഷത്തെ ഭരണം, കോൺഗ്രസിന്റെയും ഇടതു പാർട്ടികളുടെയും പ്രവർത്തനം തുടങ്ങി വാക്പോരിന് വിഷയദാരിദ്ര്യമൊന്നുമില്ല. ഏഴുമണിയോടെ രണ്ടാം വട്ട ചർച്ച സജീവമാക്കുന്നത് ബാവ എന്ന കൊട്ടാരം ബാവു എത്തുന്നതോടെയാണ്. അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് മുതൽ ലോക രാജ്യങ്ങളിലെ ഭരണാധികാരികളെല്ലാം ബാവയുടെ നിശിത വിമർശനത്തിന് വിധേയമാകും. മോദിയുടെ നേട്ടങ്ങളെ അദ്ദേഹം നഖശിഖാന്തം എതിർക്കുമ്പോൾ മോദി ഭക്തനായ രവി ഉടനെ കേരള സർക്കാരിനെ കുറ്റപ്പെടുത്താൻ തുടങ്ങും. അങ്ങിനെ ചായക്കട സംഘർഷഭരിതമാകും. കോൺഗ്രസ് ക്ഷയിച്ചതാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞ് സ്വാത ന്ത്ര സമര കഥകളിൽ തുടങ്ങിമഹാത്മ ഗാന്ധി , നെഹൃു, ആസാദ്, പട്ടേൽ, ഇന്ദിരാഗാന്ധി, മൊറാർജി, രാജീവ് ഗാന്ധി , സോണിയ ഗാന്ധി, തുടങ്ങി രാഹൂൽ ഗാന്ധിയിലെത്തിയിട്ടേ വക്കീൽ നിർത്തൂ. ഇതിനു മറുപടി കൂടി കൊടുത്ത ശേഷമേ ആസ്ഥാന ചർച്ച വാദിയായ ബാവ മെെക്ക് കെെമാറുകയുള്ളു. എട്ടുമണിയാകുന്നതോടെ ചർച്ചക്ക് വിരാമമാകും .