കൊച്ചി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള വിശ്വകർമ്മ സഭ 20 മണ്ഡലങ്ങളിലും എൽ.ഡി.എഫിനെ പിന്തുണയ്ക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണച്ച സഭ ഉന്നയിച്ച പല കാര്യങ്ങളും പ്രകടനപത്രികയിൽ ഉൾപ്പെടുത്തി സർക്കാർ നടപ്പാക്കിയെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. രഘുനാഥൻ, ടി.കെ. സോമശേഖരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പെൻഷൻ 600 രൂപയിൽ നിന്ന് 1,200 യാക്കി മാനദണ്ഡങ്ങൾ ലഘൂകരിച്ചു. 16 കൊല്ലമായി നടപ്പാക്കാതിരുന്ന പരമ്പരാഗത തൊഴിലാളി പാക്കേജ് നടപ്പാക്കി അതിനായി 10 കോടി രൂപ ബഡ്‌ജറ്റിൽ നീക്കിവച്ചു. 1,600 കോടി രൂപ ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷന്റെ വികസനത്തിനായി അനുവദിച്ചു.