chakkumarassery-temple-
ചക്കുമരശ്ശേരി ശ്രീകുമാരഗണേശമംഗലം മഹാക്ഷേത്രത്തിൽ മഹോത്സവ എഴുന്നള്ളിപ്പിന് ഭഗവാന്റെ തിടമ്പേറ്റുന്നതിനായി നടന്ന തലപ്പൊക്കമത്സരം

പറവൂർ : വടക്കേക്കര ചക്കുമരശേരി ശ്രീകുമാര ഗണേശമംഗലം മഹാക്ഷേത്രത്തിൽ മഹോത്സവ എഴുന്നള്ളിപ്പിന് ഭഗവാന്റെ തിടമ്പേറ്റുന്നതിനായി നടന്ന ആനകളുടെ തലപ്പൊക്കമത്സരത്തിൽ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ജേതാവായി. രണ്ട് ചേരുവാരങ്ങൾ തമ്മിൽ നടന്ന തലപ്പൊക്കമത്സരത്തിൽ വടക്കേ ചേരുവാരത്തിനു വേണ്ടി ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കറും തേക്കേ ചേരുവാരത്തിനു വേണ്ടി ഉട്ടോളി അനന്തുമാണ് അണിനിരന്നത്. ക്ഷേത്രമുറ്റത്ത് ഒരുക്കിയ പ്രത്യേക സ്ഥലത്തായിരുന്നു മത്സരം. പത്ത് മിനിറ്റ് നീണ്ടു നിൽക്കുന്ന മത്സരസമയത്ത് പാപ്പാമാരും ഉടമകളും യാതൊരു നിർദ്ദേശവും ആനകൾക്ക് നൽക്കാൻ പാടില്ലെന്നാണ് നിബന്ധന. മത്സരസമയത്ത് ഏറ്റവും കൂടുതൽ സമയം ഉയരത്തിൽ തല ഉയർത്തിപ്പിടിക്കുന്ന ആനയ്ക്കാണ് ഭഗവാന്റെ തിടമ്പേറ്റുന്നതിന് അർഹത. ക്ഷേത്രാങ്കണത്തിൽ തടിച്ചുകൂടിയ ആയിരക്കണത്തിനു ആനപ്രേമികളുടെ ആരവവത്തോടൊയായിരുന്നു മത്സരം നടന്നത്. തുടക്കം മുതൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. രണ്ടു ചേരുവാരത്തിനും വിജയ പ്രതീക്ഷയുണ്ടായിരുന്നു. മത്സരം കഴിഞ്ഞ് ഏതാനു നിമിഷങ്ങൾക്കകം ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ വിജയിയായതായി ക്ഷേത്രം ഭാരവാഹികൾ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം തെക്കേ ചേരുവാരത്തിന്റെ ചിറയ്ക്കൽ കാളിദാസനോട് പരാജയപ്പെട്ടതിന്റെ മറുപടിയാണ് ഈ വർഷത്തെ വിഷ്ണുശങ്കറിന്റെ വിജയം. രാവിലെ മുതൽ വിവിധ ദേശങ്ങളിൽ നിന്നുള്ള ആനപ്രേമികൾ മത്സരം കാണാനെത്തിയിരുന്നു.

ക്ഷേത്രം മേൽശാന്തി ടി.കെ. ഉണ്ണിക്കൃഷ്ണൻ ഭഗവാന്റെ തിടമ്പ് വിഷ്ണുശങ്കറിന്റെ പുറത്ത് എഴുന്നള്ളിച്ചതോടെ കാഴ്ചശ്രീബലി ആരംഭിച്ചു. വൈകിട്ട് പകൽപ്പൂരവും വർണാഭമായ കുടമാറ്റവും മോതിരംവച്ചുതൊഴലും നടന്നു. ആറാട്ട് എഴുന്നള്ളിപ്പും പഞ്ചവിംശതി കലശാഭിഷേകത്തിനും ശ്രീഭൂതബലിക്കും ശേഷം കൊടിയിറങ്ങി.