ambu

കൊച്ചി: ഹൃദയത്തിന് തകരാർ സംഭവിച്ച് ഗുരുതരാവസ്ഥയിൽ മംഗലാപുരത്തു നിന്ന് ആംബുലൻസിൽ കൊച്ചിയിലെത്തിച്ച 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണം നടത്തിയശേഷം ശസ്ത്രക്രിയ നടത്തുന്നത് സംബന്ധിച്ച് ഡോക്ടർമാർ തീരുമാനിക്കും.

മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കാസർകോട് ഉദുമ സ്വദേശി മിത്താഹിന്റെയും സാനിയയുടെയും ആൺകുഞ്ഞിനെ കൊച്ചിയിൽ എത്തിച്ചത്. തിരുവന്തപുരത്ത് ശ്രീചിത്രയിലേയ്ക്ക് കൊണ്ടുപോകാനാണ് പുറപ്പെട്ടത്. ആരോഗ്യനില പരിഗണിച്ച് സർക്കാർ ഇടപെടലിൽ അമൃത ആശുപത്രിയിൽ ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു.

വൈകിട്ട് നാലരയോടെ അമൃതയിലെത്തിച്ച കുഞ്ഞിനെ ഐ.സി.യുവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ഹൃദ്രോഗവിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം കുഞ്ഞിന്റെ ആരോഗ്യനില സസൂക്ഷ്‌മം വിലയിരുത്തിവരുന്നു.

ഹൃദയത്തിൽ ജന്മനായുള്ള ദ്വാരമാണ് പ്രശ്നമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഹൃദയത്തിൽ നിന്ന് രക്തം ശരീരത്തിലേക്ക് പോകുന്ന അയോട്ട എന്ന ഞരമ്പ് മുറുകിയ നിലയിലുമാണ്. ഹൃദയവാൽവും ശരിയായ നിലയിലല്ല. ഇവയാണ് കുഞ്ഞ് നേരിടുന്ന വിഷമതകൾ. ശസ്ത്രക്രിയയിലൂടെ അവ പരിഹരിക്കാമെങ്കിലും ആരോഗ്യനില ഭദ്രമാകണം. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെ 24 മണിക്കൂർ നിരീക്ഷണം നടത്തിയശേഷം ശസ്ത്രക്രിയ നടത്തുന്നത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പത്തുദിവസം മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് കുഞ്ഞിനെ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. മാതാപിതാക്കൾ മാത്രമാണ് ഒപ്പമുള്ളത്. മറ്റു ബന്ധുക്കൾ കൊച്ചിയിലെത്തിച്ചേരും.

ഉദുമയിലെ പാണക്കാട് സയ്യദ് മുഹമ്മദലി തങ്ങൾ മെമ്മോറിൽ ട്രസ്റ്റിന്റെ ആംബുലൻസിൽ ഡ്രൈവർ എ. ഹസനാണ് ഇടയ്ക്കൊരിടത്തും നിറുത്താതെ കുഞ്ഞിനെ അതിവേഗം കൊച്ചിയിലെത്തിച്ചത്. നഴ്സ് ഷിജു, ചൈൽഡ് പ്രൊട്ടക്ഷൻ ടീം എന്ന സംഘടനയുടെ പ്രവർത്തകരായ ബദറുദ്ദീൻ മുഹമ്മദ് എന്നിവരും ഡ്രൈവറുടെ സഹായിയായി ഉണ്ണിയെന്ന നിഥിനും ആംബുലൻസിൽ ഉണ്ടായിരുന്നു.

മംഗലാപുരത്തു നിന്ന് രാവിലെ പതിനൊന്നോടെയാണ് ആംബുലൻസ് പുറപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും ഇടപെടുകയും സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയും മാദ്ധ്യമങ്ങൾ വഴിയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതുമൂലം തടസങ്ങൾ ഒഴിവാക്കി ആംബുലൻസ് പരമാവധി വേഗതയിൽ കുതിച്ചുപാഞ്ഞു. പെട്രോൾ അടിക്കാൻ മാത്രമാണ് ഇടയ്ക്ക് പത്തുമിനിറ്റ് നിറുത്തിയത്.

കുഞ്ഞിന്റെ ആരോഗ്യനില ഇടയ്ക്കിടെ അന്വേഷിച്ച മന്ത്രി കെ.കെ. ഷൈലജ ചികിത്സ കൊച്ചി അമൃതയിൽ നടത്താനുള്ള സാദ്ധ്യത അന്വേഷിച്ചു. സമ്മതം ലഭിച്ചതോടെ തിരുവനന്തപുരം യാത്ര ഒഴിവാക്കാൻ നിർദ്ദേശിച്ചു. ആംബുലൻസ് തൃശൂരിൽ എത്തും മുമ്പാണ് അമൃതയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. പൊലീസും ഗതാഗതവകുപ്പും സന്നദ്ധ സംഘടനകളും ആംബുലൻസിന് വഴിയൊരുക്കാൻ രംഗത്തിറങ്ങിയതോടെ സുഗമമായി കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു.

കുഞ്ഞിന്റെ വൃക്ക, കരൾ, തലച്ചോർ എന്നിവയുടെ പ്രവർത്തനം ഉറപ്പാക്കാനാണ് ആദ്യത്തെ ശ്രമം. അണുബാധ സംഭവിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. പതിനഞ്ചു ദിവസം പ്രായമെന്നത് പ്രശ്നമല്ല. അതിലും പ്രായം കുറഞ്ഞവർക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. തലച്ചോറിന്റെ സ്ഥിതി അറിയാൻ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയമാക്കും. ആരോഗ്യനില ഭദ്രമാണെന്ന് വ്യക്തമായാൽ ശസ്ത്രക്രിയ നടത്താൻ കഴിയും. ഞങ്ങൾക്ക് ശുഭപ്രതീക്ഷയുണ്ട്.

ഡോ.ആർ.കൃഷ്ണകുമാർ,​

മേധാവി,കുട്ടികളുടെ ഹൃദ്രോഗവിഭാഗം,​

അമൃത ആശുപത്രി