കൊച്ചി : ഭിന്നശേഷിക്കാരിലേക്ക് വോട്ട് ചെയ്യണമെന്ന സന്ദേശം എത്തിക്കാനും ഇവരുടെ വിവരങ്ങൾ ക്രോഡീകരിക്കാനുമായി ജില്ലയിൽ പി.ഡബ്‌ള്യു.ഡി ആപ്പ് എന്ന പേരിൽ ആൻഡ്രോയിഡ് ആപ്ളിക്കേഷൻ തയ്യാറായി. സേവൺ ടെക് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുമായി സഹകരിച്ചാണ് ജില്ലാ ഭരണകൂടം ഇൗ ആപ്ളിക്കേഷന് രൂപം നൽകിയിട്ടുള്ളത്. ഇതോടൊപ്പം തഹസിൽദാർ മുഹമ്മദ് സാബിർ നോഡൽ ഒാഫീസറായി പി.ഡബ്‌ള്യു.ഡി സെല്ലിനും രൂപം നൽകിയിട്ടുണ്ട്. ഭിന്നശേഷി വോട്ടർമാരുടെ അടിസ്ഥാന വിവരങ്ങളും ഇവർക്ക് വോട്ടു ചെയ്യാൻ വാഹനത്തിന്റെ ആവശ്യകതയുമൊക്കെ ജിയോ ടാഗിംഗ് വഴി ബൂത്ത് ലെവൽ ഒാഫീസർമാർ ശേഖരിച്ചു കഴിഞ്ഞു. സെക്ടർ ഒാഫീസർമാർ അവരുടെ പരിധിയിലുള്ള പോളിംഗ് സ്റ്റേഷനുകളിലുൾപ്പെട്ട ഭിന്നശേഷിക്കാരുടെ ഗതാഗത ആവശ്യങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഒാരോ ബൂത്തിലേക്കും വാഹനങ്ങൾ അയക്കുന്ന സമയവും ക്രമീകരിക്കും. വാഹനങ്ങളുടെ ഏകോപന ചുമതല ആശ വർക്കർമാർക്കാണ്. ആപ്ളിക്കേഷന്റെ ഉപയോഗവും പുരോഗതിയും വിലയിരുത്താൻ വോട്ടെടുപ്പ് ദിവസം ജില്ലാ തലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.