കൊച്ചി : മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലൻസ് പുറപ്പെടുമ്പോൾ ഡ്രൈവർ എ. ഹസന്റെ മനസിൽ ഒരേയൊരു ലക്ഷ്യം മാത്രം. കുരുന്നുജീവൻ സുരക്ഷിതമായി ശ്രീചിത്രയിൽ എത്തിക്കണം. സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതൽ വഴിയൊരുക്കി ആയിരങ്ങൾ അണിനിരന്നപ്പോൾ വാഹനം ഓടിക്കൽ ഒരു വിഷമമായി തോന്നിയതു പോലുമില്ല.
തിരുവനന്തപുരത്തിന് പകരം കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലൻസ് ഓടിച്ചുകയറ്റിയശേഷമാണ് അല്പം വെള്ളം ഹസൻ കുടിച്ചത്. പിന്നീടൊരു ദീർഘനിശ്വാസം.
''സഹകരിച്ച എല്ലാവരോടും നന്ദി. അതേ പറയാനുള്ളു.'' ഹസന്റെ പ്രതികരണം ഏതാനും വാക്കുകളിലൊതുങ്ങി. ''കുട്ടിയുടെ നില ഭദ്രമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി.''
കാസർകോട് ഉദുമയിലെ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ട്രസ്റ്റിന്റെ കെ.എൽ 60 ജെ. 7739 ആംബുലൻസിന്റെ ഡ്രൈവറാണ് ഉദുമ മുക്കുന്നത്ത് സ്വദേശിയായ ഹസൻ. എട്ടു വർഷമായി ആംബുൻസ് ഓടിക്കാൻ തുടങ്ങിയിട്ട്. തിരുവനന്തപുരത്തേക്ക് കുഞ്ഞിനെ കൊണ്ടുപോകാൻ തിങ്കളാഴ്ച ഉച്ചയോടെ ഹസനും നിഥിനും ചൈൽഡ് പ്രാെട്ടക്ട് ടീമംഗങ്ങളും മംഗലാപുരത്തെത്തിയത്. രാത്രി എട്ടിന് പുറപ്പെടാൻ നിശ്ചയിച്ചിരുന്നെങ്കിലും കുഞ്ഞിന്റെ ആരോഗ്യനിലയുടെ വ്യത്യാസം മൂലം തുടങ്ങാനായില്ല. ഇന്നലെ രാവിലെ പത്തിന് പുറപ്പെടാൻ തീരുമാനിച്ചെങ്കിലും ഡോക്ടർമാരുടെ അനുമതി ലഭിച്ചില്ല. തുടർന്ന് പതിനൊന്നിന് ശേഷമാണ് പുറപ്പെട്ടത്.
ചൈൽഡ് പ്രൊട്ടക്ട് ടീമിന്റെയും ആംബലുൻസ് ഡ്രൈവർമാരുടെയും കൂട്ടായ്മയുടെയും ഫേസ്ബുക്കുകളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും യാത്രയുടെ വിവരം പ്രചരിച്ചതോടെ ഗതാഗതം സുഗമമാക്കാൻ ഒരുക്കങ്ങളും വേഗത്തിലായി.
ഒരിടത്തും നിറുത്തേണ്ടിവന്നില്ല. ഗതാഗതതടസം ജനങ്ങൾ തന്നെ നീക്കിയിരുന്നു. പൊലീസുൾപ്പെടെ വിവിധ സംവിധാനങ്ങൾ വഴിയൊരുക്കി. യാത്രയ്ക്കിടെ ഫോണുകളും സന്ദേശങ്ങളും കൈകാര്യം ചെയ്തത് സുഹൃത്ത് നിഥിനായിരുന്നു. കൊച്ചിയിലെ തിരക്കുകളിൽപ്പോലം ആംബുലൻസ് സുഗമമായി കടന്നുപോന്നു.
കാസർകോട്ടു നിന്ന് ഒരു രോഗിയെ തിരുവനന്തപുരം വരെ ഒരു വർഷം മുമ്പ് ഹസൻ കൊണ്ടുപോയിട്ടുണ്ട്. ഇത്രയും ഗുരുതരമല്ലാത്തതിനാൽ കൂടുതൽ സമയമെടുത്ത് സാധാരണപോലെയാണ് സഞ്ചരിച്ചത്.
പതിനാലുവർഷം മുമ്പ് ഡ്രൈവിംഗ് പഠിച്ച ഹസൻ കുറച്ചുകാലം ഗൾഫിലെ ഒരു കടയിൽ ജോലി ചെയ്തിട്ടുണ്ട്. തിരിച്ചെത്തിയാണ് ആംബുലൻസ് ഡ്രൈവറായത്. ഷഹർബാനയാണ് ഭാര്യ. ഒന്നര വയസുകാരൻ മുഹമ്മദ് ഹാസിം മകനും.
അമൃതയിൽ ആംബുലൻസ് നിറുത്തി പുറത്തിറങ്ങും മുമ്പേ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഹസനെക്കുറിച്ച് പ്രചരിച്ചിരുന്നു. മൊബൈലിൽ വീട്ടുകാരുടെയു നാട്ടുകാരുടെയും അഭിനന്ദന പ്രവാഹമായിരുന്നു പിന്നീട്.