alphonse
വളന്തക്കാട് പ്രചരണത്തിനെത്തിയ അൽഫോൺസ് കണ്ണന്താനത്തെ പ്രദേശവാസികളായ അമ്മൂമ്മമാർ സ്വീകരിച്ചപ്പോൾ

കൊച്ചി : ട്രോളർമാരുടെ ഇഷ്ട നായകനായ അൽഫോൺസ് കണ്ണന്താനം വേറിട്ടൊരു ഫേസ് ബുക്ക് ചലഞ്ചുമായി രംഗത്തെത്തുന്നു. കൊച്ചിയുടെ വികസനത്തെക്കുറിച്ച് നല്ല ട്രോളുകൾ ഉണ്ടാക്കി തന്റെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യാനാണ് എറണാകുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കൂടിയായ അൽഫോൺസ് കണ്ണന്താനത്തിന്റെ വെല്ലുവിളി. എത്ര ഗൗരവമുള്ള വിഷയവും മലയാളി തമാശയാക്കി ആസ്വദിക്കും. ട്രോളുകളിലൂടെ അത്ഭുതപ്പെടുത്തുന്ന സർഗശേഷി പ്രകടിപ്പിക്കുന്ന മലയാളികൾ ആ കഴിവ് പോസിറ്റീവായി ഉപയോഗിക്കുകയാണ് വേണ്ടതെന്ന് കണ്ണന്താനം പറയുന്നു. തിരഞ്ഞെടുപ്പു കാലമായതിനാൽ വികസനത്തിന്റെ പേരിലുള്ള മികച്ച ട്രോളുകൾക്ക് സമ്മാനം നൽകാനാവില്ല. പക്ഷേ, ഒപ്പം നിന്ന് സെൽഫിയെടുക്കാമെന്നും അദ്ദേഹം ഫേസ് ബുക്ക് പേജിൽ കുറിക്കുന്നു.

കൊച്ചി : എറണാകുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം വിഷു ദിനത്തിൽ വളന്തക്കാട് ദ്വീപിലാണ് പര്യടനം നടത്തിയത്. ഇന്നലെ അദ്ദേഹം തൃപ്പൂണിത്തുറ, പുതിയകാവ്, ഉദയംപേരൂർ, പൂത്തോട്ട, ആമേട, തേരേക്കൽ, വെള്ളാങ്ങി, കണ്ണൻകുളങ്ങര, താമരക്കുളങ്ങര, എരൂർ, അന്തിമഹാകാളൻ തുടങ്ങിയ മേഖലകളിലാണ് പര്യടനം നടത്തിയത്. ഇൗ കേന്ദ്രങ്ങളിലെല്ലാം മികച്ച സ്വീകരണമാണ് അൽഫോൺസ് കണ്ണന്താനത്തിന് ലഭിച്ചത്. വിഷു നാളിൽ കലൂർ പാവക്കുളം ക്ഷേത്രത്തിലെത്തിയ കണ്ണന്താനത്തെ ക്ഷേത്രഭാരവാഹികൾ സ്വീകരിച്ചു. കൈനീട്ടവും നൽകിയാണ് അവർ അദ്ദേഹത്തെ യാത്രയാക്കിയത്. എറണാകുളം ശിവക്ഷേത്രവും സന്ദർശിച്ച ശേഷം അദ്ദേഹം സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മയുടെ വസതിയിലുമെത്തി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെത്തിയ അദ്ദേഹം കർദ്ദിനാൾ ജോർജ് ആലഞ്ചേരിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ഇടപ്പള്ളി ബ്രഹ്മസ്ഥാനത്തെത്തിയ അദ്ദേഹം സ്വാമി പൂർണ്ണാമൃതാനന്ദപുരിയിൽ നിന്ന് അനുഗ്രഹം തേടി. കൈനീട്ടവും വാങ്ങി. പച്ചാളം കഫർണാം അനാഥാലയത്തിലെ കുട്ടികൾക്കൊപ്പമാണ് കണ്ണന്താനം വിഷുസദ്യ കഴിച്ചത്. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ സ്വീകരിച്ചശേഷം അവർക്കൊപ്പം ആശയ സംവാദത്തിലും കണ്ണന്താനം പങ്കെടുത്തു.