കൊച്ചി : ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരരും ഭാര്യയും തന്റെ പണവും കാറും തട്ടിയെടുത്തെന്നാരോപിച്ച് അമ്മ ദേവകി അന്തർജ്ജനം നൽകിയ ഹർജി ഏപ്രിൽ 26ന് മദ്ധ്യസ്ഥ ചർച്ചയ്ക്കായി ഹൈക്കോടതി മാറ്റി. ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യയാണ് ദേവകി അന്തർജ്ജനം.

2018 മേയിൽ മഹേശ്വരര് അന്തരിച്ചതോടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തെന്നും തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാർ മറ്റൊരാൾക്ക് വിറ്റെന്നും ദേവകി അന്തർജ്ജനത്തിന്റെ ഹർജിയിൽ പറയുന്നു. മഹേശ്വരരുടെയും ഭാര്യയുടെയും പേരിലുള്ള ഫെഡറൽ ബാങ്കിന്റെ ചെങ്ങന്നൂർ ശാഖയിലെ അക്കൗണ്ടിൽ നിന്ന് 41.63 ലക്ഷം രൂപ മോഹനരരും ഭാര്യയും ചേർന്ന് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റിയെന്നാണ് മറ്റൊരു ആരോപണം.

83 വയസുള്ള രോഗിയായതി​നാൽ ബാങ്ക് ഇടപാടുകൾ നടത്താൻ മൂത്ത മകനായ മോഹനരരെ ചുമതലപ്പെടുത്തിയിരുന്നു. ഇതു ദുരുപയോഗം ചെയ്താണ് പണം തട്ടിയെടുത്തതെന്നും തന്റെ മൊബൈൽ ഫോണുകൾ പിടിച്ചു വാങ്ങിയെന്നും ദേവകി അന്തർജ്ജനം ഹർജി​യി​ൽ പറയുന്നുണ്ട്.

ഇപ്പോൾ തിരുവനന്തപുരത്ത് മകൾക്കൊപ്പമാണ് താമസം. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾ നടത്താൻ മോഹനരരും ഭാര്യയും അനുവദിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് മെയിന്റനൻസ് ട്രൈബ്യൂണലിൽ പരാതി നൽകി. മാർച്ച് 15 നകം പ്രതിവിധിയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും കേസ് മാർച്ച് 26 ലേക്ക് മാറ്റി. ഇപ്പോൾ തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാൻ വീണ്ടും മാറ്റി.

പ്രായവും രോഗവും കണക്കിലെടുത്ത് അടിയന്തര സഹായം വേണമെന്നാവശ്യപ്പെട്ട് ഉപഹർജി നൽകിയിട്ടുണ്ട്. കേസ് നിലവിലിരിക്കെ ഇവരുടെ വീട് പൊളിച്ചു നീക്കിയെന്നും ഹർജിയിൽ പറയുന്നു. മറ്റു വരുമാനമൊന്നുമില്ല. ജീവനാംശം നൽകണമെന്നും തട്ടിയെടുത്ത പണവും കാറും വിട്ടു കിട്ടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.