കാലടി: കാലടി ഗ്രാമ പഞ്ചായത്തിലെ മരോട്ടിച്ചോട് പ്രദേശത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമായി. പ്രദേശത്ത് കുടിവെള്ളത്തിനും ജലസേചനത്തിനും ആശ്രയിക്കുന്ന ചാലക്കുടി ഇടതുകര കനാലിൽ വെള്ളം എത്താത്തതാണ് കടുത്ത ജലക്ഷാമം നേരിടാൻ കാരണം. കനാലിന്റെ അവസാന ഭാഗമായ ചെങ്ങമനാട് ബ്രാഞ്ച് കനാൽ സ്ഥിതിചെയ്യുന്ന മരോട്ടിച്ചോട്ടിൽ കനാൽവെള്ളം എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഗ്രാമപഞ്ചായത്തിലെ രണ്ട് മൂന്ന് വാർഡുകളിൽ ഉൾപ്പെടുന്ന പൊതിയക്കര ഭാഗത്തും പതിനേഴാം വാർഡിൽ മരോട്ട് ചോട് ജംഗ്ഷനിലെയും കനാലിൽ കാട്ടുചേമ്പ് വളർന്നും മണ്ണ് അടിഞ്ഞുകൂടിയും വെള്ളം ഒഴുക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. വേനലിൽ രണ്ടുപ്രാവശ്യം ജലസേചനം നടത്തുന്ന ഒരു പ്രധാന കനാലാണിത്. എന്നാൽ ഇടമലയാർ കനാലിൽ നിന്നും തുറവൂരിലെ പ്രധാന കനാലിൽ വെള്ളം എത്തിച്ചേർന്നിട്ടും ഈ വെള്ളം ഇടതുകര കനാലിൽ എത്തിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
കനാലിൽ നിറയെ ചെളിയും മാലിന്യങ്ങളും
മുൻകാലങ്ങളിൽ ഇടമലയാർ കനാലിൽ നിന്ന് പ്രത്യേക സ്കൗട്ട് വഴി തുറവൂരിൽ നിന്നും ഇടതുകര കനാലിലേക്ക് വെള്ളം എത്തിച്ചിരുന്നു. കനാലുകൾ വൃത്തിയാക്കുന്ന ചുമതല അതാത് പ്രദേശങ്ങളിലെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ ഇതുവരെയും നടത്തിയിട്ടില്ല. പ്രളയകാലത്ത് നിറഞ്ഞു കവിഞ്ഞ് ഒഴുകിയ കനാലിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തിട്ടില്ല. ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടെത്തി നാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ജല സംരക്ഷണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. എം.എൽ. ചുമ്മാർ, ഷൈജു കുടിയിരുപ്പിൽ, ജോണി ചിറയ്ക്കൽ, ആന്റു പാലാട്ടി, ആന്റണി ഡേവീസ് , സാജു പാലാട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.