voting

കൊച്ചി : ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാർക്കായി പ്രത്യേക പോളിംഗ് സ്റ്റേഷൻ അനുവദിക്കാനോ തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്താനോ ആവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.

പുറപ്പെടാ ശാന്തിമാർക്ക് വോട്ടുചെയ്യാൻ പ്രത്യേക സൗകര്യം ആവശ്യപ്പെട്ട് ക്ഷത്രിയക്ഷേമ സഭ നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. ഹർജി വേനലവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി.

ഗുജറാത്തിലെ ഗീർ വനത്തിൽ ക്ഷേത്ര പുരോഹിതർക്ക് വോട്ടുചെയ്യാൻ പ്രത്യേക സൗകര്യമുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത്തരം സൗകര്യങ്ങൾ അനുവദിക്കാൻ ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. സർക്കാർ ജീവനക്കാർ, തിരഞ്ഞെടുപ്പ് ജോലിയിലുള്ളവർ, കരുതൽ തടങ്കലിലുള്ളവർ തുടങ്ങിയവർക്കാണ് നിയമ പ്രകാരം പോസ്റ്റൽ വോട്ടിന് അർഹത. പുറപ്പെടാ ശാന്തിമാർ ഇൗ ഗണത്തിൽ വരുന്നില്ല. വോട്ടുചെയ്യാനുള്ള അവകാശം മൗലികാവകാശമല്ലെന്നും, ചട്ടങ്ങളനുസരിച്ചുള്ള അവകാശമാണെന്നും കമ്മിഷൻ വിശദീകരിച്ചു.