കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയയ്ക്കായി ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിൽ എത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയും സ്ഥിരതയും വന്നതായി ഡോക്ടർമാർ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ ഇന്ന് നടത്താനാണ് തീരുമാനം. ഇന്ന് അന്തിമ രക്ത പരിശോധനാ ഫലം വന്ന ശേഷമാകും ശസ്ത്രക്രിയ. സങ്കീർണവും ഏറെ അപകട സാദ്ധ്യതയുള്ളതുമായ ശസ്ത്രക്രിയയാണി​ത്.

കാസർകോട് ഉദുമ സ്വദേശികളായ മിത്താഹിന്റെയും സാനിയയുടെയും 15 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലൻസ് 400 കിലോമീറ്റർ ദൂരം അഞ്ചര മണിക്കൂർ കൊണ്ട് സഞ്ചരിച്ചാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്.

ജനിച്ചപ്പോഴേ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. പ്രധാന ഹൃദയധമനി ചുരുങ്ങുന്ന അവസ്ഥയും ഹൃദയ വാൽവിന്റെ പ്രവർത്തനത്തിലെ തകരാറുമായിരുന്നു പ്രശ്നം. 12 ദിവസം മെക്കാനിക്കൽ വെന്റിലേറ്റർ പിന്തുണയോടെയാണ് കുഞ്ഞ് മംഗലാപുരത്തെ ആശുപത്രിയിൽ കഴിഞ്ഞത്. ഭാവിയിൽ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള മറ്റു വൈകല്യങ്ങളും പരിശോധനയിൽ കണ്ടെത്തിയതായും ആശുപത്രി അധികൃതർ അറിയിച്ചു.