sreedharan-pillai

കൊച്ചി: തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ വർഗീയ പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ വി. ശിവൻകുട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി. ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണ് ശ്രീധരൻ പിള്ള വിവാദ പരമാർശം നടത്തിയത്.

ഇന്ത്യൻ വ്യോമസേന കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ബാലക്കോട്ട് പ്രത്യാക്രമണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ "മരിച്ചവർ ഏതു ജാതിക്കാരാ, ഏതു മതക്കാരാ, ഇസ്ളാമാണെങ്കിൽ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ, ഡ്രസ് ഒക്കെ മാറ്റി നോക്കിയാൽ അല്ലേ ആളെ അറിയാൻ പറ്റുള്ളൂ. അപ്പൊ അങ്ങനെയൊക്കെ ചെയ്തിട്ടു തിരിച്ചു വരണമെന്നാ പറയുന്നത്" എന്നു ശ്രീധരൻ പിള്ള പ്രസംഗിച്ചിരുന്നു. ഇതു മതസൗഹാർദ്ദം തകർക്കുന്ന പരാമർശമാണെന്നും മതവിദ്വേഷം വളർത്തുന്ന തരത്തിൽ ശ്രീധരൻപിള്ള നടത്തിയ പ്രസംഗത്തിനെതിരെ കേസെടുക്കണമന്നുമാണ് ഹർജിയിലെ ആവശ്യം. ശ്രീധരൻപിള്ളയുടെ പ്രസംഗം മുസ്ളിങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. വിവാദ പരാമർശങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും കുറ്റകരമാണെന്നും കേസെടുത്ത് പ്രത്യേക അന്വേഷണ സംഘത്തിനോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

പ്രഥമദൃഷ്ട്യാ കുറ്റകരമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ

ആറ്റിങ്ങലിലെ വിവാദ പരാമർശത്തെത്തുടർന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുത്തില്ലെന്നും ശ്രീധരൻപിള്ളയെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്നുമാവശ്യപ്പെട്ട് വി. ശിവൻകുട്ടി മറ്റൊരു ഹർജിയും നൽകിയിരുന്നു. ഇത്‌ ഹൈക്കോടതി തീർപ്പാക്കി.

ശ്രീധരൻ പിള്ളയുടെ വിവാദ പ്രസംഗം ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ഇക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിട്ടുണ്ടെന്നും ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ ഹൈക്കോടതിയിൽ വിശദീകരണം നൽകി. ഇതു രേഖപ്പെടുത്തിയാണ് സിംഗിൾബെഞ്ച് നടപടികൾ അവസാനിപ്പിച്ചത്.

ജില്ലാ ഇലക്‌ഷൻ ഓഫീസറുടെ റിപ്പോർട്ടി​ലേതുൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമാക്കിയാണ് ഡെപ്യൂട്ടി ഇലക്‌ഷ‌ൻ കമ്മിഷണർ സുദീപ് ജെയിന് കത്ത് നൽകിയതെന്നും തിരഞ്ഞെടുപ്പു കമ്മിഷന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞു.