ആലുവ: അതിക്രൂര മർദ്ദനമേറ്റ നിലയിൽ ഇതര സംസ്ഥാനക്കാരനായ മൂന്ന് വയസുകാരനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശേരിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ പിതാവാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തലയോട്ടിയിൽ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അമ്മയുടെ കൈയിൽ നിന്ന് താഴെ വീണ് കുട്ടിക്ക് പരിക്കേറ്റെന്നാണ് പിതാവ് ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാൽ, കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസറും ചൈൽസ് ലൈൻ പ്രവർത്തകരും ആശുപത്രിയിലെത്തി. ഏലൂർ സി.ഐയുടെ നേതൃത്വത്തിൽ പിതാവിനെയും മാതാവിനെയും ചോദ്യം ചെയ്യുന്നു.