minnal

കൊച്ചി : ശക്തമായ വേനൽ മഴയിൽ ഉണ്ടായ ഇടിമിന്നൽ രണ്ട് പേരുടെ ജീവൻ കവർന്നു. മുളന്തുരുത്തി വെട്ടിക്കൽ സെന്റ് അഫ്രേം സെമിനാരി പബ്ളിക് സ്കൂൾ ഡ്രെെവർ മണീട് പാമ്പ്ര മണ്ടോത്തുംകുഴിയിൽ ജോണിന്റെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരി പരേതരായ സാലിയുടെയും കോലഞ്ചേരി കറുകപ്പിള്ളി പാറനാൽ ബിജുവിന്റെയും മകൻ അനക്സ് (15 ) എന്നിവരാണ് മരിച്ചത്. ജോണിയുടെ ഏകമകൾക്ക് ഗുരുതര പൊള്ളലേറ്റു.

ഇന്നലെ വെെകിട്ട് ആറരയോടെയാണ് അപകടം. കോരിച്ചൊരിയുന്ന മഴയിൽ വീടിന്റെ പുറകുവശത്തെ വരാന്തയിൽ നിൽക്കുകയായിരുന്നു ഇരുവരും. ശക്തമായ ഇടിമിന്നലേറ്റ് രണ്ടുപേരും ഒരേസമയത്ത് തന്നെ മരണമടഞ്ഞു. മിന്നലേറ്റ് വീടിന്റെ ഭിത്തികളും വരാന്തയുടെ തൂണുകളും തക‌ർന്നു.

ഉച്ചത്തിലെ കരച്ചിൽ കേട്ട് പുറത്തേക്കുവന്ന ജോണിയുടെ മകൾ ഇരുവരും വീണ് കിടക്കുന്നതാണ് കണ്ടത്. മകൾക്കും പൊള്ളലേറ്റിട്ടുണ്ട്. നാട്ടുകാർ മൂവരെയും പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാലിയും അനക്സും അപ്പോഴേക്കും മരിച്ചിരുന്നു.

ജോണിയുടെ മകൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ദുരന്തം അനക്സിനെയും വെറുതേവിട്ടില്ല

ഇന്നലെ മിന്നലേറ്റ് മരിച്ച പതിനഞ്ചുകാരൻ അനക്സിന്റെ ജീവിതം ദുരന്ത കഥയാണ്. കഴിഞ്ഞ വർഷമാണ് കോലഞ്ചേരി പെരുവംമൂഴിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഇന്നോവ കാറിടിച്ച് അനക്സിന്റെ പിതാവ് ബിജു മരിച്ചത്. മാതാവ് സാലി രണ്ട് വർഷം മുമ്പ് പാൻക്രിയാസ് ഗ്രന്ഥിക്കുണ്ടായ വീക്കത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. കോലഞ്ചേരി തോന്നിക്കയിലെ വീട്ടിൽ നിന്ന് വേനലവധിക്ക് വീട്ടിലെത്തിയതായിരുന്നു അനക്സ്. അനക്സിന് ഒരു അനുജത്തിയുമുണ്ട്.