കോലഞ്ചേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സോഷ്യൽ മീഡിയ പേജുകളിൽ ലൈക്കുകളുടെ എണ്ണം കൂടുമ്പോൾ സന്തോഷിക്കാൻ വരട്ടെ. ലൈക്കുകളും തിരഞ്ഞെടുപ്പ് ചെലവിലാക്കി തുടങ്ങി. 1000 ലൈക്കിനും 40,000 ലൈക്കിനുമിടയിലായാൽ 2,500 രൂപയാണ് സ്ഥാനാർത്ഥിയുടെ ചെലവിലേക്ക് കൂട്ടിച്ചേർക്കുന്നത്. ലൈക്ക് 40,000 കടന്നാൽ ചെലവ് ഇരട്ടിയായി കണക്കാക്കും. ഫേസ് ബുക്ക് പേജ് എല്ലാവർക്കും കാണത്തക്കവിധം പ്രദർശിപ്പിക്കുന്നതിന് ഫേസ് ബുക്ക്, ബൂസ്റ്റിംഗിന് ഈടാക്കുന്ന തുക കണക്കാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തുകയുടെ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷം മാത്രമായിരിക്കെ ലൈക്കുകൾ പാരയാകുമോ എന്ന അങ്കലാപ്പിലാണ് പലരും. ഇതുകൂടാതെ ബോർഡ്, പോസ്റ്റർ, വീടു കയറിയുള്ള വോട്ടഭ്യർത്ഥന, തുറന്ന വാഹനത്തിലെ പര്യടനം, പൊതു യോഗം, നാടകം, പാട്ട്.. അങ്ങനെ പോകുന്നു വിവിധ പ്രചാരണ പ്രവർത്തനങ്ങൾ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നതിന് സ്ഥലം ഉടമയുടെ സമ്മതം വേണമെന്നാണ് ചട്ടം. എന്നാൽ ഇതു പോലും പലപ്പോഴും പാലിക്കപ്പെടുന്നില്ലത്രേ..