കൊച്ചി : ചാലക്കുടിയിൽ ഇരുമുന്നണികളും പറയും, വിജയം ഉറപ്പ്. അങ്ങനെ പറയുമ്പോഴും നേതാക്കളുടെയുള്ളിൽ ആശങ്കയുടെ നേർത്ത ഇരമ്പമുണ്ട്. ഒപ്പത്തിനൊപ്പമാണ് പ്രചാരണമെങ്കിലും അടിയൊഴുക്കുകൾ വ്യക്തമായി വായിച്ചെടുക്കാൻ കഴിയുന്നില്ല. പ്രളയദുരിതം മുതൽ സഭാതർക്കം, ശബരിമല തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ചർച്ചയിലുണ്ട്. ഇതൊക്കെ എങ്ങനെ, എങ്ങോട്ടെല്ലാം തിരിയുമെന്നത് വിധിനിർണയത്തെ സ്വാധീനിക്കും. വോട്ടിംഗ് ശതമാനത്തിൽ കാര്യമായ വർദ്ധനവ് ഉറപ്പിച്ച് എൻ.ഡി.എയും ഇത്തവണ കടുത്ത പോരാട്ടത്തിലാണ്.
സ്ഥാനാർത്ഥിയെ നിർണയിക്കുമ്പോൾ ആശങ്ക എൽ.ഡി.എഫിലായിരുന്നു. അതും, സി.പി.എം പ്രാദേശിക നേതൃത്വത്തിന്. സിറ്റിംഗ് എം.പി. ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാൻ പ്രാദേശിക നേതൃത്വത്തിന് അത്ര താത്‌പര്യമുണ്ടായിരുന്നില്ല. സംസ്ഥാന നേതൃത്വമാകട്ടെ, ഇന്നസെന്റിനെ പാർട്ടി ചിഹ്നത്തിൽത്തന്നെ നിറുത്താനും നിർദ്ദേശിച്ചു. പ്രാദേശിക ഘടകത്തെ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അങ്കമാലിയിലെത്തി രണ്ടര മണിക്കൂറാണ് ചർച്ച നടത്തിയത്. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ളയെ പ്രചാരണത്തിന്റെ ചുമതലയേല്‌പിച്ച് ചാലക്കുടിയിലേക്ക് അയച്ചു. എന്തായാലും ആശങ്കകൾ മാറ്റിവച്ച് പ്രചാരണം കൊണ്ടുപിടിച്ചു നടത്താൻ ഇടതു മുന്നണിക്കു കഴിഞ്ഞു.
യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനെ കോൺഗ്രസ് കളത്തിലിറക്കിയത് ഇന്നസെന്റിനെ നേരിടാൻ ഉചിതനെന്നു വിലയിരുത്തിയാണ്. മണ്ഡലത്തിൽ ജനിച്ചുവളർന്ന നേതാവെന്ന ബലത്തിൽ ശക്തമായ പ്രചാരണത്തിനും അദ്ദേഹത്തിന് കഴിഞ്ഞു. അതിനിടെയാണ് ആരോഗ്യപ്രശ്‌നം മൂലം ഒന്നരയാഴ്ച അദ്ദേഹത്തിന് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. യു.ഡി.എഫ് ക്യാമ്പ് ആശങ്കയിലാകാൻ വേറെന്തു വേണം? പകരം ആറ് എം.എൽ.എമാർ രംഗത്തു വന്നെങ്കിലും മൊത്തം പ്രചാരണത്തെ അതു ബാധിച്ചു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ടെത്തി. ഒന്നരയാഴ്‌ച കഴിഞ്ഞ് ബെന്നി ബഹനാൻ വീണ്ടും സജീവമായതോടെ പ്രചാരണം ശക്തമായി മുന്നേറിയെങ്കിലും ആശങ്ക പൂർണമായും അയഞ്ഞിട്ടില്ല.
പതിവിലും മികച്ച പ്രചാരണവും പ്രതീക്ഷയുമാണ് ബി.ജെ.പി ക്യാമ്പിൽ. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്‌ണൻ മണ്ഡലമാകെ നിറഞ്ഞു നിൽക്കുന്നു. കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നേട്ടങ്ങൾ നിരത്തിയാണ് പ്രചാരണം. ഒപ്പം സ്‌ക്വാഡ് വർക്കുകളിൽ ശബരിമല ഉൾപ്പെടെ വിശ്വാസ വിഷയങ്ങളും ഉപയോഗിക്കുന്നുണ്ട്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ സ്വീകാര്യത ബി.ജെ.പിക്കു ലഭിക്കുന്നത് വോട്ടിൽ സാരമായ വർദ്ധനവുണ്ടാക്കുമെന്ന് നേതാക്കൾ പറയുന്നു.
പ്രളയം ഏറ്റവും അധികം ബാധിച്ച മണ്ഡലങ്ങളിലൊന്നാണ് ചാലക്കുടി. പെരിയാറും ചാലക്കുടിയാറും വിതച്ച നാശനഷ്ടങ്ങളുടെ ദുരിതം ഇനിയും അവസാനിച്ചിട്ടില്ല. പ്രളയബാധിതർ ഏതു വിധത്തിൽ പ്രതികരിക്കുമെന്നത് വിജയത്തിൽ നിർണായകമാണെന്ന് മുന്നണികൾ വിലയിരുത്തുന്നു. പ്രളയ ശേഷം സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിവരിച്ചാണ് എൽ.ഡി.എഫ് വോട്ടു തേടുന്നത്. പ്രളയം സർക്കാരിന്റെ സൃഷ്‌ടിയാണെന്നും ദുരിതബാധിതർക്ക് പിണറായി സർക്കാർ മതായായ സഹായമെത്തിച്ചില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
വികസനത്തിലൂന്നിയാണ് എൽ.ഡി.എഫ് ഏറ്റവുമധികം പ്രചാരണം നടത്തിയത്. എം.പിയായിരിക്കെ ഇന്നസെന്റ് 1750 കോടി രൂപയുടെ പ്രാദേശിക വികസന പദ്ധതികൾ നടപ്പാക്കിയന്നത് എൽ.ഡി.എഫ് വിപുലമായ പ്രചാരണത്തിന് ഉപയോഗിച്ചു. പദ്ധതികൾ പലതും വീമ്പിളക്കൽ മാത്രമാണെന്ന് യു.ഡി.എഫും തിരിച്ചടിച്ചു. എം.എൽ.എമാരുടെ പദ്ധതികൾ പോലും ഇന്നസെന്റിന്റെ നേട്ടത്തിൽ ചേർത്തെന്ന് അവർ ആരോപിച്ചു. വോട്ടർമാരെ ഇവ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.
രാഷ്ട്രീയമായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന ചാലക്കുടി കഴിഞ്ഞ തവണയാണ് എൽ.ഡി.എഫിനു ലഭിച്ചത്. മണ്ഡലത്തിലെ ഏഴിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങൾ എൽ.ഡി.എഫിനാണ്. എം.പിയെന്ന നിലയിൽ ഇന്നസെന്റ് നടത്തിയ പ്രവർത്തനങ്ങൾ മറ്റു മണ്ഡലങ്ങളിലും സ്വാധീനിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. അടിത്തട്ടിൽ മികച്ച പ്രചാരണവും സ്‌ക്വാഡ് വർക്കും നടത്തിയിട്ടുണ്ട്. യു.ഡി.എഫ് പ്രതിനിധീകരിക്കുന്ന നാല് നിയമസഭാ മണ്ഡലങ്ങളിൽ മികച്ച ഭൂരിപക്ഷം നേതൃത്വം പ്രതീക്ഷിക്കുന്നു. എൽ.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള കൈപ്പമംഗലം, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ പ്രത്യേക സ്‌ക്വാഡ് വർക്കും നടത്തുന്നുണ്ട്. അവിടെ കുറയുന്ന വോട്ടുകൾ മറ്റു നാല് മണ്ഡലങ്ങളിലായി നേടാനുള്ള തന്ത്രങ്ങളും യു.ഡി.എഫ് നടപ്പാക്കുന്നുണ്ട്.
ചാലക്കുടി ഫാക്ടർ
എൽ.ഡി.എഫ്
അനുകൂലം: എം.പി എന്ന നിലയിൽ നടപ്പാക്കിയ 1750 കോടിയുടെ പദ്ധതികൾ. ചലച്ചിത്ര താരമെന്ന ആകർഷണം. പിണറായി സർക്കാരിന്റെ നേട്ടങ്ങൾ. താഴേത്തട്ടിലെ മികച്ച പ്രചാരണ പരിപാടികൾ.
പ്രതികൂലം : എം.പി എന്ന നിലയിൽ ഇന്നസെന്റ് മണ്ഡലത്തിൽ സജീവമായിരുന്നില്ല എന്ന പരാതി. ചാലക്കുടി, പെരിയാർ പുഴകളിലെ പ്രളയം സൃഷ്ടിച്ച ദുരിതങ്ങൾ, സഭാ തർക്കങ്ങൾ, ശബരിമല അടിയൊഴുക്ക്.
യു.ഡി.എഫ്
അനുകൂലം: പൊതുവേ യു.ഡി.എഫ് അനുകൂല മണ്ഡലം. മികച്ച സ്ഥാനാർത്ഥി. യാക്കോബായ സഭാംഗങ്ങളുടെ വോട്ടുകൾക്ക് സാദ്ധ്യത, സ്ഥാനാർത്ഥിയുടെ വ്യക്തിബന്ധങ്ങൾ.
പ്രതികൂലം: ഒന്നരയാഴ്‌ച പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നതു മൂലമുണ്ടായ ആലസ്യം. കൈപ്പമംഗലം, കൊടുങ്ങല്ലൂർ മേഖലകളിൽ സംഘടനാ സംവിധായത്തിലെ പിഴവുകൾ.
എൻ.ഡി.എ
അനുകൂലം : ബി.ഡി.ജെ.എസിലൂടെ ലഭിക്കാവുന്ന ഈഴവ വോട്ടുകൾ, ശബരിമല വിഷയത്തിൽ സ്ഥാനാർത്ഥി നടത്തിയ സമരങ്ങൾ, കേന്ദ്ര സർക്കാർ പദ്ധതികൾ സംബന്ധിച്ച പ്രചാരണം.
പ്രതികൂലം: ന്യൂനപക്ഷങ്ങളുടെ പ്രതികൂല നിലപാട്, മുന്നണി സംവിധാനത്തിന്റെ ശക്തിക്കുറവ്. വൈകി ആരംഭിച്ച പ്രചാരണം.