aap

കൊച്ചി: കേരളത്തിൽ എൻ.ഡി.എയുടെ പരാജയം ഉറപ്പാക്കാനായി പ്രവർത്തിക്കുമെന്നും കേരളത്തിൽ ഒരു മുന്നണിയെയും പിന്തുണയ്‌ക്കില്ലെന്നും ആം ആദ്മി പാർട്ടി കേരള ഘടകം വ്യക്തമാക്കി. എൻ.ഡി.എയ്‌ക്കെതിരെ വിജയം നേടാൻ സാദ്ധ്യതയുള്ളവർക്ക് വോട്ട് നൽകാനാണ് തീരുമാനമെന്ന് സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ പറഞ്ഞു. ഉത്തര- മദ്ധ്യ മേഖലകളിലെ 13 മണ്ഡലങ്ങളിൽ വടകര, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങൾ ഒഴികെയുള്ളവയിൽ യു.ഡി.എഫിന് പിന്തുണ നൽകും. മലപ്പുറത്ത് ഇടതു മുന്നണിക്കാണ് പിന്തുണ. വടകരയിലെ നിലപാട് പിന്നീട് പ്രഖ്യാപിക്കും. തെക്കൻ കേരളത്തിലെ ഏഴ് മണ്ഡലങ്ങളിൽ എന്തു നിലപാട് എടുക്കണമെന്നത് അതത് കമ്മിറ്റികൾ കൂടി തീരുമാനിക്കും. സംഘപരിവാറിനെതിരെ സ്വന്തം നിലയ്‌ക്ക് പ്രചാരണം നടത്തും. ഒരു മുന്നണിയുമായോ സ്ഥാനാർത്ഥിയുമായോ വേദി പങ്കിടില്ലെന്നും പാർട്ടി മത്സരരംഗത്തില്ലെന്നും ഭാരവാഹികൾ വിശദീകരിച്ചു. ഷക്കീർ അലി (എറണാകുളം), സി.ജെ. വർഗീസ് (ഇടുക്കി), വിനോദ് (ചാലക്കുടി) എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.