കോലഞ്ചേരി: വയനാട്ടിലേയ്ക്കും തിരഞ്ഞെടുപ്പ് പ്രചാരണ പാരഡിയെത്തിയത് പെരുമ്പാവൂരിൽ നിന്ന്. രാഹുലിനും തുഷാറിനുമടക്കം 23 സ്ഥാനാർത്ഥികൾക്കായി 236 പാരഡികൾ തയ്യാറാക്കിയ മേളം ഇബ്രാഹിമാണീ പാരഡിയുടെ സുൽത്താൻ. ഇദ്ദേഹം തന്നെ പാട്ടെഴുതി സ്വന്തം സ്റ്റുഡിയോയിൽ റെക്കാഡ് ചെയ്യുകയായിരുന്നു. കേരളത്തിൽ ആദ്യമായി കരോക്കൊ കാസറ്റുമായി വന്ന് വിപ്ലവം സൃഷ്ടിച്ചയാളാണ് മേളം ഇബ്രാഹിം. 20 ലോക്‌സഭ മണ്ഡലങ്ങളിലെ വിവിധ കക്ഷികളിൽ പെട്ട 23 സ്ഥാനാർഥികൾക്ക് ഇദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ നിന്ന് പാട്ടുകളിറങ്ങി. സിനിമാ ഗാനങ്ങളും, നാടൻ പാട്ടുകളും, മാപ്പിളപ്പാട്ടുകളുമാണ് അധികവും.
ചാലക്കുടി ചന്തക്കു പോകുമ്പോ ..... എന്നു തുടങ്ങുന്ന കലാഭവൻ മണിയുടെ പാട്ടിനാണ് ഏറെ ഡിമാൻഡ്.
41 വർഷമായി ഇദ്ദേഹം തിരഞ്ഞെടുപ്പ് പാട്ട് രംഗത്തുണ്ട്. 1978ൽ തന്റെ നാട്ടുകാരനും ഗുരുനാഥനുമായ തണ്ടേക്കാട് ജമാഅത്ത് സ്‌ക്കൂൾ റിട്ടേർഡ് അധ്യാപകൻ ബാവ മാസ്റ്റർക്ക് വേണ്ടിയാണ് ഇബ്രാഹിം മേളം തന്റെ ആദ്യ തിരഞ്ഞെടുപ്പ് പാട്ട് പാടിയത്.
'എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ സമ്മതിദായകരെ ' എന്ന പാട്ടിലൂടെയാണ് തുടക്കം. ഇന്നും ഈ പാട്ടിന് ആവശ്യക്കാരുണ്ടത്രെ. പതിനായിരത്തിലധികം ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ
പിണറായി വിജയനുവേണ്ടി 'എൽ.ഡി.എഫ് വരുമെല്ലാം ശരിയാകും' എന്ന പാട്ടും ഒരുക്കി. ഉമ്മൻചാണ്ടി,കോടിയേരി, കെ. എം. മാണി, പന്ന്യൻ രവീന്ദ്രൻ, കെ. മുരളീധരൻ, എം. കെ. മുനീർ,ഒ. രാജഗോപാൽ തുടങ്ങി ഒട്ടേറെ രാഷ്ട്രീയ പ്രമുഖർക്ക് വേണ്ടിയും ഇദ്ദേഹം പാട്ടെഴുതി. തിരഞ്ഞെടുപ്പ് തിരക്കു തീർന്നാൽ വിജയഗാനങ്ങളുടെ ട്രാക്ക് തയ്യാറാക്കുന്ന തിരക്കിലേക്കു മാറും. വിജയിപ്പിക്കാനും വിജയിച്ചാലും പാട്ടില്ലാതെ പിന്നെ എന്തു തിരഞ്ഞെടുപ്പ്.