കൊച്ചി:തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരതകൾക്കിരയായി മരിച്ച ഏഴു വയസുകാരന്റെ ദുരന്തത്തിന് പിന്നാലെ വീണ്ടും നാടിനെ ഞെട്ടിച്ചുകൊണ്ട് മൂന്നുവയസുകാരനെ കൊടിയ മർദ്ദനത്തിനിരയാക്കിയ ഇതര സംസ്ഥാനക്കാരിയായ മാതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വധശ്രമവും ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളുമാണ് മാതാവിനെതിരെ ചുമത്തിയത്.
ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായെങ്കിലും കോമ സ്‌റ്റേജിലുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജാർഖണ്ഡ് സ്വദേശികളായ ഷെഹജാദ് ഖാൻ (34), ഹെന്നാ ഖാദൂൺ (28) ദമ്പതികളുടെ മകനാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച് കഴിയുന്നത്.ശിശുരോഗം, ന്യൂറോ സർജറി,ന്യൂറോളജി വിഭാഗങ്ങലിലെ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ് കുട്ടി.
ബുധനാഴ്ച ഉച്ചയോടെയാണ് പിതാവ് കുട്ടിയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. അമ്മയുടെ കൈയിൽ നിന്ന് എട്ടു മീറ്റർ താഴേക്ക് കുട്ടി വീണ് തലയ്‌ക്ക് മുറിവേറ്റെന്നായിരുന്നു മൊഴി. ദേഹമാസകലം ക്ഷതങ്ങൾ കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ മാതാവ് ക്രൂരകൃത്യങ്ങൾ വിവരിച്ചു. അനുസരണക്കേടിന് മർദ്ദിച്ചെന്നാണ് അവർ പൊലീസിനോട് പറഞ്ഞത്. ഇവർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കും. വധശ്രമവും ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളുമാണ് മാതാവിനെതിരെ ചുമത്തിയത്.
ഇരുവരും ദമ്പതികളാണോയെന്നും കുട്ടി അവരുടേതാണോയെന്നും ജാർഖണ്ഡ് പൊലീസിന്റെ സഹായത്തോടെ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ 'കേരളകൗമുദി'യോട് പറഞ്ഞു.
കളമശേരിയിൽ റോക്കറ്റ് ക്രെയിൻ സർവ്വീസിൽ ഒരു വർഷമായി ഡ്രൈവറാണ് ഷെഹജാദ് ഖാൻ. ഇരുപത് ദിവസം മുമ്പാണ് ഭാര്യയേയും മകനെയും കളമശേരിയിലെ താമസസ്ഥലത്ത് കൊണ്ടുവന്നത്.
അടിച്ചത് ചപ്പാത്തി പരത്തുന്ന ഉരുളൻ തടിക്ക്
തലയോട്ടിക്കുള്ളിലുണ്ടായ രക്തസ്രാവമാണ് കുട്ടിയെ അബോധാവസ്ഥയിലാക്കിയത്. അനുസരണക്കേട് കാട്ടുന്ന കുട്ടിയെ സ്ഥിരമായി ചപ്പാത്തി പരത്തുന്ന ഉരുളൻ തടികൊണ്ട് അടിക്കുമായിരുന്നുവെന്ന് മാതാവ് പൊലീസിനോട് വെളിപ്പെടുത്തി. തലയോട്ടി തകർന്നത് ഉരുളൻ തടികൊണ്ടുള്ള അടികൊണ്ടാണെന്ന് സംശയിക്കുന്നു. ചട്ടുകം പോലെയുള്ള സാധനമുപയോഗിച്ച് പൊള്ളിക്കുമായിരുന്നുവെന്നും വെളിപ്പെടുത്തി.
ഭാര്യ മകനെ മർദ്ദിക്കുന്നത് കണ്ടിരുന്നില്ലെന്നാണ് ഭർത്താവിന്റെ മൊഴി. ആശുപത്രിയിൽ കഴിയുന്ന ഇയാളെ വിശദമായി ചോദ്യം ചെയ്‌തിട്ടില്ല.
പരിക്കുകൾ
തലയോട്ടി പൊട്ടി ഉള്ളിൽ രക്തസ്രാവം
മുട്ടിനു താഴെ അടിയേറ്റ ക്ഷതങ്ങൾ
വലത് ഉള്ളംകാലിൽ പൊള്ളൽ
പിൻഭാഗത്ത് പഴയ പൊള്ളൽ
കുട്ടിയുടെ ആരോഗ്യ സ്ഥിതി
അതീവ ഗുരുതരം
തലച്ചോറിലെ രക്തസ്രാവം നിയന്ത്രണ വിധേയം
തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിൽ
കുട്ടി വെന്റിലേറ്ററിൽ
ശാരീരിക പ്രതികരണങ്ങളില്ല
പൊലീസ് ബലം പിടിച്ചു
ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പിതാവ് ശ്രമിച്ചിരുന്നു. അത്രയും ദൂരം കൊണ്ടുപോകുന്നത് അപകടകരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും പിൻമാറിയില്ല. ഇതോടെ സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രന് വിവരം കൈമാറി. കുട്ടിയെ ആശുപത്രിയിൽ ചികിത്സിക്കാനും ശസ്‌ത്രക്രിയ നടത്താനും കമ്മിഷണർ നിർദ്ദേശിച്ചു. പണത്തിന്റെ കാര്യം പിന്നീട് നോക്കാമെന്നും അറിയിച്ചു. ശസ്‌ത്രക്രിയയ്‌ക്ക് അഞ്ചു ലക്ഷം രൂപയാകുമെന്നതിനാലാണ് കുട്ടിയെ കോട്ടയത്തേക്ക് മാറ്റാൻ പിതാവ് ശ്രമിച്ചത്.