മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ അമ്പലംപടി വീട്ടൂർ റോഡിന്റെ മുളവൂർ ഭാഗത്തുള്ള മൂന്ന് കിലോമീറ്റർ റോഡ് ബിഎം ബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് സർവ്വേ നടപടികൾ ആരംഭിച്ചു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.50കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ടെൻഡർ നടപടികളും പൂർത്തിയായി . കീച്ചേരിപ്പടി ഇരമല്ലൂർ റോഡിലെ നിരപ്പ് തൈക്കാവും പടിയിൽ നിന്നും ആരംഭിച്ച് മണ്ഡലാതിർത്തിയായ ഈസ്റ്റ് മുളവൂർ തൈക്കാവുംപടിയിൽ അവസാനിക്കുന്ന റോഡാണ് ടാർചെയ്യുന്നത്. ബിഎം ബിസി നിലവാരത്തിൽ ടാറിംഗും, കലങ്കുകളും, ഓടകളും നിർമിച്ച് മനോഹരമാക്കുന്ന രീതിയിലാണ് എസ്റ്റിമേറ്റ് . റോഡിന്റെ ലെവൽസ് കണക്കാക്കുന്നതിനും മറ്റുമുള്ള സർവ്വേ നടപടികളാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ചത്. പായിപ്ര ഗ്രാമ പഞ്ചായത്തിലെ പുരാതനമായ റോഡുകളിലൊന്നാണ് അമ്പലംപടിവീട്ടൂർ എം.എൽ.എ റോഡ്. കോതമംഗലം നിയോജക മണ്ഡലത്തിലെ അമ്പലംപടിയിൽ നിന്നും ആരംഭിച്ച്, പായിപ്ര ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയായ വീട്ടൂരിൽ അവസാനിക്കുന്ന 10കിലോമീറ്റർ വരുന്ന റോഡാണിത്. പായിപ്ര പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, 11, 12, 17,18 വാർഡുകളിലൂടെ കടന്ന് പോകുന്ന പ്രധാന റോഡുകളിലൊന്നാണ് ഇത്..പതിറ്റാണ്ടുകൾക്ക് മുമ്പ് റോഡും മുളവൂർ തോടിന് കുറുകെയുള്ള വടമുക്ക് പാലവും പൂർത്തിയാക്കിയെങ്കിലും വേണ്ടത്ര ഓടകളോ, കലുങ്കുകളോ ഇല്ലാത്തത് പലസ്ഥലങ്ങളിലും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. കാലപഴക്കത്താൽ പലസ്ഥലങ്ങളിലും റോഡിന്റെ സംരക്ഷണഭിത്തിയും അപകടാവസ്ഥയിലായി .റോഡ് തകർന്ന് കാൽനടയാത്രപോലും ദുസ്സഹമാകുമ്പോൾ അറ്റകുറ്റപ്പണികൾ തീർത്ത് കൈയ്യൊഴിയുകയാണ് അധികൃതർ . റോഡിന്റെ വടമുക്ക് പാലത്തിന്റെ സമീപം സംരക്ഷണ ഭിത്തിയിടിഞ്ഞത് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 12ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരിച്ചത് .
എട്ട് മീറ്റർ റോഡ്
അഞ്ചര മീറ്റർ വീതി