കൊച്ചി : പ്ളാസ്റ്റിക് ക്യാരി ബാഗുകളിലാക്കി പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ നടപടി വേണമെന്നതടക്കമുള്ള കോടതിയുത്തരവുകൾ പാലിക്കാൻ സർക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാലിന്യങ്ങൾ പ്ളാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുള്ളതും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
പ്ളാസ്റ്റിക് ക്യാരി ബാഗുകളിൽ നിർമ്മാതാക്കളുടെ പേരു വിവരവും രജിസ്ട്രേഷൻ നമ്പരും രേഖപ്പെടുത്തണമെന്നും 40 മൈക്രോണിൽ താഴെയുള്ള കവറുകൾ പാടില്ലെന്നുമുള്ള സർക്കാർ ഉത്തരവിനെതിരെ വടകര മർച്ചന്റ്സ് അസോസിയേഷൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പ്ളാസ്റ്റിക് ക്യാരി ബാഗുകൾ ശേഖരിക്കാൻ സൗകര്യം ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നതടക്കമുള്ള ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
പ്ളാസ്റ്റിക് മാലിന്യങ്ങളുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് നിലവിലുള്ളതിനാൽ കൂടുതൽ ഉത്തരവ് ആവശ്യമില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. പ്ളാസ്റ്റിക് ക്യാരി ബാഗുകൾ, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ ഹർജിക്കാർക്ക് ഉചിതമായ അതോറിട്ടിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.